വീണ്ടും ഒരു ഇസ്രായേൽ ചാരനെ കൂടെ ഇറാൻ തൂക്കിലേറ്റി; ഗാസയിൽ വീണ്ടും ആക്രമണം നടത്തി ഇസ്രായേൽ
ഇസ്റാഈൽ രഹസ്യാന്വേഷണ സംഘടനയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്ന് കണ്ടെത്തിയ ഒരാളെ ഇറാനിൽ വധശിക്ഷയ്ക്ക് വിധേയനാക്കി. അഗിൽ കേശവർസ് എന്ന ഇരുപത്തിയേഴു വയസ്സുകാരനെയാണ് ശനിയാഴ്ച തൂക്കിലേറ്റിയതെന്ന് ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആര്കിടെക്ച്ചർ ബിരുദധാരിയായ അഗിൽ കേശവർസ് ഇസ്റാഈൽ സൈന്യവുമായും മൊസാദുമായും അടുത്ത ബന്ധം പുലർത്തിയിരുന്നതായി അധികൃതർ കണ്ടെത്തിയിരുന്നു. ഇറാന്റെ തന്ത്രപ്രധാനമായ സൈനിക, സുരക്ഷാ മേഖലകളുടെ ചിത്രങ്ങൾ പകർത്തി, മൊസാദിന് കൈമാറി എന്നതായിരുന്നു ഇയാൾക്കെതിരെയുള്ള പ്രധാന കുറ്റം.
കഴിഞ്ഞ മെയ് മാസത്തിൽ തെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെയുള്ള വടക്കുപടിഞ്ഞാറൻ നഗരമായ ഉർമിയയിലെ സൈനിക ആസ്ഥാനത്തിന്റെ ചിത്രങ്ങൾ എടുക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. തെഹ്റാൻ ഉൾപ്പെടെ ഇറാന്റെ വിവിധ ഭാഗങ്ങളിൽ മൊസാദിനായി 200-ലധികം രഹസ്യ ദൗത്യങ്ങൾ ഇയാൾ ചെയ്തതായും ഇറാൻ സുരക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു. ഇറാൻ സുപ്രീം കോടതി ഇയാൾക്ക് വധശിക്ഷ സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നടപടി.
ഇസ്റാഈലും ഇറാനും തമ്മിലുള്ള നിഴൽയുദ്ധം ശക്തമാകുന്നതിനിടെയാണ് വധശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂണിൽ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചാരവൃത്തി ആരോപിക്കപ്പെട്ട് 11 പേരെ ഇറാൻ വധശിക്ഷയ്ക്ക് വിധേയരാക്കിയത്.
നിലവിൽ പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ, ഇസ്റാഈൽ ബന്ധം ആരോപിച്ച് കൂടുതൽ കടുത്ത നടപടികളിലേക്ക് ഇറാൻ നീങ്ങുന്നതിന്റെ സൂചനയായാണ് ഈ വധശിക്ഷ വിലയിരുത്തപ്പെടുന്നത്. ഇറാൻ മിസൈൽ കേന്ദ്രങ്ങൾ പുതുക്കി പണിയുന്നത് ചൂണ്ടിക്കാണിച്ച് കൊണ്ട്, നെതന്യാഹു ഈ മാസം 29 ന് അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ കാണുന്നുണ്ട്. ഇറാനെ വീണ്ടും ആക്രമിക്കാൻ കൂടെ നിൽക്കണമെന്നാണ് നെതന്യാഹുവിന്റെ ആവശ്യം.
അതിനിടെ രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചാ നീക്കത്തിനിടയിലും ഗസ്സയിൽ ആക്രമണം തുടരുകയാണ് ഇസ്രായേൽ. വടക്കൻ ഗസ്സക്ക് നേരെ നടന്ന ആക്രമണത്തിൽ ഒരു ഫലസ്തീനി പൗരൻ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സ കൂടാതെ ഖാൻ യൂനുസിന് നേരെയും ഇസ്രായേൽ രാത്രി വ്യോമാക്രമണം നടത്തിയിരുന്നു.
അതിശൈത്യം തുടരുന്ന ഗസ്സയിൽ ഇസ്രയേലിന്റെ വിലക്ക് ജനജീവിതം കൂടുതൽ ദുസ്സഹമാക്കിയെന്ന് യു.എൻ ഏജൻസികൾ ചൂണ്ടിക്കാട്ടി. താൽക്കാലിക താമസ സംവിധാനങ്ങൾ, പുതപ്പ്, ഇന്ധനം എന്നിവ അടിയന്തരമായി എത്തിക്കണമെന്ന അഭ്യർഥന ഇസ്രായേൽ തള്ളുകയാണ്.വെടിനിർത്തൽ തുടരുന്നതിനിടയിലും ഗസ്സയിൽ പട്ടിണിയും പോഷകാഹാര കുറവും വലിയ വെല്ലുവിളിയാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം ഗബ്രിയസസ് പറഞ്ഞു. ഒരു ലക്ഷം കുഞുങ്ങൾ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹമാസിന്റെ നിരായുധീകരണം സമയബന്ധിതമായിരിക്കണമെന്നും അത് നടപ്പായില്ലെങ്കിൽ ഇസ്രായേലിന് ആക്രമണം വീണ്ടും ആരംഭിക്കാം എന്നും തെൽ അവീവിൽ സന്ദർശനം നടത്തുന്ന അമേരിക്കൻ സെനറ്റർ ലിൻഡ്സി ഗ്രഹാം പറഞു. ഹമാസിന്റെ നിരായുധീകരണം ആവശ്യമെങ്കിൽ ഇസ്രായേൽ തന്നെ നേരിട്ട് നടപ്പാക്കുമെന്ന് ഊർജ മന്ത്രി ഏലി കൊഹൻ പ്രതികരിക്കുകയും ചെയ്തു.
പശ്ചിമേഷ്യ വീണ്ടും ഒരു വലിയ സംഘർഷത്തിലേക്ക് പോകുന്നു എന്നാണ് നിലവിലെ സൂചനകൾ. ഇറാൻ അവരുടെ മിസൈൽ ശക്തി വർധിപ്പിക്കുന്നതാണ് നെതന്യാഹുവിന്റെ പ്രധാന പ്രശ്നം. അത് തടയാനാണ് ഇപ്പോൾ വീണ്ടും അമേരിക്കയെ കൂടെ യുദ്ധത്തിലേക്ക് ഇറക്കാൻ ശ്രമിക്കുന്നതും, അതിനായി ചർച്ചകൾ നടത്തുന്നതും.












