കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കി ഇന്ത്യയുടെ ഭൂപടം ചിത്രീകരിച്ച് ഇസ്രയേല്‍; ഒടുവില്‍ തിരുത്തി
: ജമ്മു കശ്മീരിനെ തെറ്റായി ചിത്രീകരിച്ച് പ്രസിദ്ധീകരിച്ച ഇന്ത്യൻ ഭൂപടം ഇസ്രയേല്‍ വെബ്സൈറ്റില്‍നിന്ന് നീക്കംചെയ്തു.
ഇന്ത്യയില്‍നിന്നുള്ള കനത്ത പ്രതിഷേധത്തെത്തുടർന്നാണ് ഇസ്രയേല്‍ സർക്കാർ തങ്ങളുടെ വെബ്സൈറ്റില്‍നിന്ന് ഭൂപടം നീക്കിയത്. ഭൂപടം നീക്കിയെന്നും എഡിറ്ററുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നും ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡർ റൂവൻ അസർ പറഞ്ഞു.
ഇന്ത്യയുടെ ഭാഗമായ ജമ്മു കശ്മീരിനെ പാകിസ്താന്റെ ഭൂപ്രദേശത്ത് വരുന്ന വിധത്തിലുള്ള ഭൂപടമാണ് വെബ്സൈറ്റില്‍ ചേർത്തിരുന്നത്. സാമൂഹിക മാധ്യമമായ എക്സില്‍ ആണ് ഇതുസംബന്ധിച്ച ആദ്യ പ്രതികരണമുണ്ടായത്. ‘ഇന്ത്യ ഇസ്രയേലിനൊപ്പം നില്ക്കുന്നു. പക്ഷേ, ഇസ്രയേല്‍ ഇന്ത്യക്കൊപ്പം നില്ക്കുന്നുണ്ടോ? ഇസ്രയേലിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഇന്ത്യയുടെ ഭൂപടം നോക്കൂ (ജമ്മു കശ്മീർ ഭാഗം ശ്രദ്ധിക്കുക)’ എന്നായിരുന്നു എക്സിലെ കുറിപ്പ്.
സംഭവം വിവാദമായതോടെ ട്വീറ്റിന് പ്രതികരണവുമായി അംബാസഡർ റൂവൻ അസർ താഴെ പ്രതികരണവുമായെത്തി. ‘വെബ്സൈറ്റ് എഡിറ്ററുടെ പിഴവാണ്, ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി’ എന്നായിരുന്നു റൂവന്റെ കമന്റ്. ജമ്മു കശ്മീരിനെ എല്ലായ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഭാഗമായാണ് കാത്തുസൂക്ഷിക്കുന്നത്.
പശ്ചിമേഷ്യയില്‍ വിവിധ രാജ്യങ്ങള്‍ തമ്മില്‍ പോരടിക്കുന്നതിനിടെയാണ് ഇന്ത്യയുടെ ഭൂപടം സംബന്ധിച്ച വിവാദം.