യുദ്ധം നിർത്താൻ ഇസ്രായേലിന് വേണ്ടത് നാല് പേരെ മാത്രം; വിട്ടുകൊടുക്കില്ല എന്നുറപ്പിച്ച് ഹമാസ്…
ഗാസയിലെ യുദ്ധം അവസാനിക്കുന്നതോടെ വിവിധ ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളിലും കഴിയുന്ന ‘ഇസ്രയേലിന്റെ ശത്രുക്കളെ’ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിലാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവെന്ന് റിപ്പോര്‍ട്ട്. ഈ പദ്ധതി നടപ്പാക്കാനുള്ള നിര്‍ദേശം ഇസ്രയേല്‍ തങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന് നല്‍കിയതായി അന്താരാഷ്ട്ര മാധ്യമമായ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, നിര്‍ദേശത്തെ വിമര്‍ശിച്ച് ഇസ്രയേല്‍ ചാരസംഘടനയുടെ മുന്‍ മേധാവികളടക്കം രംഗത്തെത്തിയെന്നും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. ഈ നീക്കം വിപരീത ഫലമുണ്ടാക്കുമെന്ന് മൊസാദ് മുന്‍ ഡയറക്ടര്‍ എഫ്രേം ഹലേവി അഭിപ്രായപ്പെട്ടതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടുചെയ്തു.
നെതന്യാഹുവിന്റെ നിര്‍ദേശാനുസരണം ലെബനന്, തുര്‍ക്കി,ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ കഴിയുന്ന തങ്ങളുടെ ലക്ഷ്യങ്ങളെ ഇല്ലാതാക്കാനുള്ള പദ്ധതികള്‍ മൊസാദ് ആസൂത്രണം ചെയ്തു തുടങ്ങിയിട്ടുണ്ട് എന്നാണ് വിവരം. ഇസ്മായില്‍ ഹാനിയേ, മൊഹമ്മദ് ദെയിഫ്, യഹ്യ സിന്‍വര്‍, ഖലേദ് മാഷല്‍ തുടങ്ങിയവരാണ് മൊസാദ് ലക്ഷ്യംവെക്കുന്ന പട്ടികയിലെ പ്രധാനമുഖങ്ങളെന്നാണ് വിവരം. പാലസ്തീന് മുന്‍ പ്രധാനമന്ത്രിയും അറുപതുകാരനുമായ ഇസ്മായില്‍ ഹാനിയേ, 2017-മുതൽ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ മേധാവിയാണ്. 2006-ല്‍ ഇദ്ദേഹത്തിന് നേര്‍ക്ക് ഇസ്രായേൽ വധശ്രമം ഉണ്ടായിരുന്നു.
ഹമാസിന്റെ സായുധവിഭാഗം തലവനാണ് മൊഹമ്മദ് ദെയിഫ്. ഇദ്ദേഹത്തെ കൊലപ്പെടുത്താന്‍ ഇസ്രയേല്‍ ഇതുവരെ ആറുതവണ ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരം. 2015-മുതല്‍ അമേരിക്കയുടെ അന്താരാഷ്ട്ര ഭീകരവാദികളുടെ പട്ടികയിലും ദെയിഫിന്റെ പേരുണ്ട്. നിലവില്‍ ദെയിഫ് എവിടെയുണ്ടെന്ന് അറിയില്ലെങ്കിലും ഗാസ മുനമ്പില്‍ ഹമാസിനൊപ്പം ഉണ്ടെന്ന് തന്നെയാണ് ഇസ്രയേല്‍ കണക്ക് കൂട്ടുന്നത്.
എസ്സദീന് അല്‍ ക്വാസം ബ്രിഗേഡിന്റെ മുന്‍ തലവനാണ് 61-കാരനായ യഹ്യ സിന്‍വര്‍. 2011-ലാണ് ഇദ്ദേഹത്തെ ഇസ്രായേൽ വിട്ടയച്ചത്. മോചിതനാകും മുന്‍പ് 23 കൊല്ലം ഇസ്രയേല്‍ ജയിലില്‍ യഹ്യ സിൻവർ തടവ് അനുഭവിച്ചിരുന്നു. ഹമാസ് പോളിറ്റ് ബ്യൂറോ സ്ഥാപക നേതാക്കളില്‍ ഒരാളാണ് ഖാലേദ് മിഷല്‍. 2017-വരെ ഇതിന്റെ ചെയര്‍മാനും ആയിരുന്നു. നിലവില്‍ ഇദ്ദേഹം എവിടെയാണുള്ളതെന്ന് ഇസ്രായേലിന് യാതൊരു പിടിയുമില്ല. 1997-ല്‍ ജോര്‍ദാനില്‍വെച്ച് മാഷലിന് നേര്‍ക്ക് വധശ്രമം ഉണ്ടായിരുന്നു. ആ ശ്രമം പരാജയപ്പെടുകയും പകരം ഇസ്രായേലിന് തങ്ങളുടെ ജയിലുകളിൽ ഉണ്ടായിരുന്ന നിരവധി ഹമാസ് നേതാക്കളെ വിട്ടയക്കേണ്ടതായും വന്നിരുന്നു. ലോകത്തിന് മുന്നിൽ ഇസ്രേൽ നാണം കേട്ട ഒരു ഓപ്പറേഷൻ ആയിരുന്നു ഖാലിദ് മിഷേലിന് നേരെ ഉണ്ടായത്.
ഇവരെ നാല് പേരെയും ഇല്ലാതാക്കിയാൽ ഇസ്രയേലിനെ സംബന്ധിച്ച് അതോടെ യുദ്ധം അവസാനിക്കും. എന്നാൽ ഒരു കാരണവശാലും ഇവരെക്കുറിച്ച് ഒരു വിവരവും ഇസ്രായേലിന് നൽകില്ലെന്ന വാശിയിലാണ് ഹമാസ്. അതിൽ അവർ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ലോകം എമ്പാടും വിജയകരമായി പല ഓപറേഷനുകളും നടത്തിയ മൊസാദ് ഈ നാല് പേർക്കായി കൊണ്ടുപിടിച്ച ശ്രമം നടത്തുന്നുണ്ട്. പക്ഷെ എവിടെയാണെന്ന ഒരു സൂചന പോലും നൽകാതെ, ഏതോ അജ്ഞാത താവളത്തിൽ ഇരുന്നു കൊണ്ട് അവർ ഹമാസിനെ ഇപ്പോളും നയിക്കുന്നു എന്നതാണ് സത്യം. അത് തന്നെയാണ് ഹമാസിന്റെ ശക്തിയും.