ഇറാനുമായി അടുത്ത യുദ്ധത്തിന് ഒരുങ്ങുന്ന ഇസ്രായേൽ; അമേരിക്കയുടെ പിന്തുണക്കായി ഈ മാസം 29 ന് ട്രംപുമായി നെതന്യാഹു ചർച്ച നടത്തും
ഇറാനെതിരെ വീണ്ടും ചില സൈനിക നീക്കങ്ങള്‍ക്ക് ഇസ്രയേല്‍ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ഈ കഴിഞ്ഞ ജൂണില്‍ ഇസ്രയേലുമായി നടന്ന യുദ്ധത്തില്‍ തകര്‍ന്ന വ്യോമകേന്ദ്രങ്ങളും മിസൈല്‍ സംവിധാനങ്ങളും, ആണവ കേന്ദ്രങ്ങളും ഒക്കെ ഇറാന് ഇപ്പോൾ പുനർ നിർമ്മിക്കുന്നതിലാണ് പ്രധാനമായും ഇസ്രയേലിന്റെ ആശങ്ക.
ഇറാന് തങ്ങളുടെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി വികസിപ്പിക്കുന്നതില്‍ ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത ആശങ്കയാണുള്ളത്. ഇക്കാര്യം ട്രംപിനെ അറിയിക്കുകയും ഇറാനെ ആക്രമിക്കാന്‍ തയ്യാറാവുകയുമാണ് ഇസ്രയേല്‍ ഇപ്പോൾ ലക്ഷ്യമിടുന്നത്.
ഇറാന് അവരുടെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ വ്യാപിപ്പിക്കുകയാണ്. ഈ ഭീഷണിക്കെതിരെ എടുക്കേണ്ട നടപടിയെ പറ്റി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹു സംസാരിക്കുമെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബര്‍ 29 ന് ട്രംപും നെതന്യാഹുവും തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇറാൻ വിഷയം ചര്‍ച്ചയാകും.
ഇറാൻ ഇപ്പോൾ ആണവ കേന്ദ്രങ്ങളുടെ പുനര്‍ നിര്‍മാണം നടത്തുന്നത് ഇസ്രായേൽ ഗൗരവമായി എടുക്കുന്നില്ല. എന്നാൽ ബാലിസ്റ്റിക് മിസൈൽ നിർമ്മാണ കേന്ദ്രങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും നന്നാക്കുന്നതിലാണ് ഇസ്രയേല്‍ ആശങ്കപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഇറാന്റെ ഈ നടപടികൾ ഇസ്രായേലിന് മാത്രമല്ല, അമേരിക്കൻ താൽപ്പര്യങ്ങൾക്കും ഭീഷണിയാണെന്നാണ് നെതന്യാഹുവിന്റെ പക്ഷം. അത് ഡൊണാൾഡ് ട്രംപിനെ ബോധ്യപ്പെടുത്തുകയും, ഇറാനെതിരായ പുതിയ സൈനിക നടപടികളിൽ അമേരിക്കയുടെ സഹായമോ അല്ലെങ്കിൽ നേരിട്ടുള്ള പങ്കാളിത്തമോ നെതന്യാഹു ട്രംപിനോട് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
‘അദ്ദേഹം എന്നെ ഫ്ളോറിഡയിൽ സന്ദർശിക്കാൻ സാധ്യതയുണ്ട്, അദ്ദേഹത്തിന് എന്നെ കാണാൻ താൽപ്പര്യമുണ്ട്. ഞങ്ങൾ ഔദ്യോഗികമായി സമയം നിശ്ചയിച്ചിട്ടില്ല, പക്ഷെ അദ്ദേഹത്തിന് എന്നെ കാണാൻ താൽപ്പര്യമുണ്ട്. എന്നാണ് ഡൊണാൾഡ് ‘ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.
ഈ വർഷം ഇറാനും ഇസ്രായേലും തമ്മിൽ നടന്ന യുദ്ധം ഏകദേശം രണ്ടാഴ്ചയോളം നീണ്ടുനിന്നിരുന്നു. കനത്ത നാശനഷ്ടമാണ് ഇരുരാജ്യങ്ങൾക്കും ഉണ്ടായത്. ഈ കനത്ത യുദ്ധം ലോകത്തെ ആകെ ആശങ്കയിലാക്കിയിരുന്നു. ഇതിന് ശേഷം ഇപ്പോൾ, ഇറാൻ മിസൈൽ പരിപാടി വീണ്ടും ശക്തിപ്പെടുത്തുന്നുവെന്നും ഇസ്രയേലിന് ഇത് ഗുരുതര ഭീഷണിയാണെന്നുമാണ് നെതന്യാഹുവിന്റെ വാദം.
ഇറാന്റെ ന്യൂക്ലിയർ പരിപാടികൾ പൂർണമായി തകർത്തുവെന്നാണ് അമേരിക്കയുടെ വാദം. എന്നാൽ അതിനേക്കാൾ ഗുരുതരമായ വിഷയമാണ്, മിസൈൽ ഉത്പാദന കേന്ദ്രങ്ങൾ പുനർ നിർമിക്കുന്നത് എന്ന് അമേരിക്കയെ കൂടി ബോധ്യപ്പെടുത്തുകയാണ് നെതന്യാഹുവിന്റെ ലക്ഷ്യം.
അമേരിക്ക ഇക്കാര്യത്തിൽ പിന്തുണച്ചാൽ പുതിയ ആക്രമണങ്ങൾക്കുള്ള സാധ്യതകൾ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഗാസയിലെ സമാധാന ചർച്ചകളുടെ അടുത്ത ഘട്ടവും കൂടിക്കാഴ്ചയിൽ ചർച്ചയാകുമെങ്കിലും ഇറാൻ വിഷയം തന്നെയാകും ഏറ്റവും പ്രധാനമായ ചർച്ചാവിഷയം. എന്തായാലും പശ്ചിമേഷ്യയിലെ സ്ഥിരതയെ ബാധിക്കുന്ന ഒരു നിർണായക ചർച്ച തന്നെയാകും അടുത്ത ആഴ്ച നടക്കാൻ പോകുന്നത്.
അതെ സമയം അമേരിക്ക ഇപ്പോൾ പ്രധാനമായും ലക്ഷ്യം വെക്കുന്നത് വെനസ്വലയെ ആണ്. വെനസ്വേലയിൽ നിന്ന് പുറത്തേക്കോ തിരിച്ച് വെനസ്വേലയിലേക്കോ എണ്ണക്കപ്പലുകളെ സഞ്ചരിക്കാൻ അനുവദിക്കില്ല എന്നതാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ച നിലപാട്.
ഈമാസം പത്തിന് ഇറാനുമായി ബന്ധമുള്ളതെന്ന് സംശയിക്കുന്ന എണ്ണക്കപ്പൽ അമേരിക്ക ഇതേപോലെ പിടിച്ചെടുത്തിരുന്നു. വീണ്ടും ഇപ്പോൾ വെനസ്വേലയിൽ നിന്ന് ക്രൂഡോയിലുമായി പുറപ്പെട്ട ഒരു കപ്പൽ അമേരിക്കൻ സൈന്യം പിടിച്ചെടുത്തു. സെഞ്ചുറീസ്’ എന്ന എണ്ണക്കപ്പൽ അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ചാണ്, അമേരിക്കൻ കോസ്റ്റ്ഗാർഡ്, സൈന്യം എന്നിവയുടെ സഹായത്തോടെയാണ് പിടിച്ചെടുത്തത്. ഇത്തവണ പിടികൂടിയത് പനാമയുടെ പതാക സ്ഥാപിച്ചിട്ടുള്ള കപ്പലാണ്. ഏതെങ്കിലും ഏഷ്യൻ രാജ്യത്തേയ്ക്കായിരിക്കാം ഈ കപ്പൽ പുറപ്പെട്ടത് എന്നാണ് അമേരിക്ക പറയുന്നത്.












