വീണ്ടും ഭീഷണിയുമായി ഇസ്രായേൽ; ബന്ദികൾക്ക് പരുക്ക് ഉണ്ടെങ്കിൽ ഹമാസിനെ ആക്രമിക്കും
ഹമാസില്നിന്നു വിട്ടുകിട്ടിയ ഓരോ പൗരനെയും ഇസ്രായേല്‍ ഇപ്പോൾ അതിസൂക്ഷ്മമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയാണ്. ബന്ധിയാക്കപ്പെട്ട 47 ദിവസത്തിനിടെ ഒരിക്കലെങ്കിലും ഒരാള്‍ക്കെങ്കിലും ശാരീരികമോ മാനസികമോ ആയ പരിക്കോ പീഢനമോ സംഭവിച്ചതായി കണ്ടാല്‍ വെടിനിറുത്തല്‍ കരാര്‍ ഈ നിമിഷം തീരുമെന്നാണ് ഇസ്രായേൽ പറയുന്നത്.
വയോധികരായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏതാനും ബന്ധികളെയാണ് ഹമാസ് വിട്ടയച്ചിരിക്കുന്നത്. 80 വയസുള്ള സ്ത്രീയെ ഉള്‍പ്പെടെ ഹമാസ് റെഡ് ക്രോസിനു കൈമാറിയെങ്കിലും പരിശോധനാ നടപടികള്‍ ഇസ്രായേല്‍ ആരോഗ്യവകുപ്പാണ് നടത്തുന്നത്. 47 ദിവസം ഹമാസിന്റെ രഹസ്യകേന്ദ്രങ്ങളില്‍ പാര്‍പ്പിക്കപ്പെട്ട ഇവരില്‍ ഒരാള്‍ക്കെങ്കിലും പരിക്കുണ്ടെങ്കില്‍ ഒരു നിമിഷം പോലും വൈകാതെ ഇസ്രായേല്‍ അടുത്ത വ്യോമാക്രമണത്തിന് തയ്യാറെടുക്കുകയാണ്. ചെറിയ തോതിലുള്ള വൈദ്യപരിശോധനയല്ല വിട്ടുകിട്ടിയ പൗരന്മാരില് ഇസ്രായേല്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അവരുടെ ശരീരത്തില്‍ വിഷാംശം എന്തെങ്കിലുമുണ്ടോ, ഇവര്‍ക്ക് അണുപ്രസരണം ഏറ്റിട്ടുണ്ടോ എന്നൊക്കെയുള്ള അതിസൂക്ഷ്മമായ പരിശോധനകളാണ് ഇപ്പോൾ ആശുപത്രികളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ദിവസങ്ങളുടെ നിരീക്ഷണത്തിനുശേഷമേ ഈ ബന്ധികളെ അവരുടെ വീട്ടുകാർക്ക് സൈന്യം തിരികെ ഏല്‍പ്പിക്കുകയുള്ളു എന്നാണ് അറിയുന്നത്.
ഖത്തറിന്റെ ഇടപെടലിൽ ഹമാസും ഇസ്രയേലും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം നാല് ദിവസത്തേക്കു മാത്രമാണ് യുദ്ധത്തിന് ഇടവേള പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത നാലു ദിവസത്തിനുള്ളില്‍ 50 ബന്ദികളെ മോചിപ്പിക്കുമെന്നാണ് കരാര്‍. ഇവരില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള 25 പേര് ഉണ്ടെന്നതാണ് ഏറ്റവും പ്രധാനം. താല്‍ക്കാലിക വെടിനിറുത്തല്‍ വന്നാല്‍തന്നെ ഗാസ ഹമാസിന് എന്നേക്കുമായി നഷ്ടമായിക്കഴിഞ്ഞു എന്നാണ് സൂചനകൾ. വടക്കന്‍ ഗാസ പൂര്‍ണമായി ഇസ്രായേല്‍ ഏറ്റെടുത്തിരിക്കുന്നു.
ശേഷിക്കുന്ന പ്രദേശങ്ങളും വരുംകാലത്ത് പൂര്‍ണമായി ഇസ്രായേലിന്റെ നിയന്ത്രണത്തിലായിരിക്കും.
യുദ്ധത്തിന് തല്ക്കാല വിരാമം ഉണ്ടായാല്‍തന്നെ ഹമാസ് തലപൊക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു അനുവദിക്കില്ല എന്നും പറയുന്നുണ്ട്. എക്കാലവും ഗാസയില്‍ ഇസ്രായേല്‍ വ്യോമനിരീക്ഷണം തുടരുമെന്നും പ്രഖ്യാപിച്ചുകഴിഞ്ഞു. രഹസ്യതുരങ്കങ്ങളില്നിന്ന് ആക്രമണത്തിനോ തീവ്രവാദത്തിനോ ഹമാസുകള്‍ തയാറായാല്‍ ആ നിമിഷം ഗാസയെ തരിപ്പണമാക്കാനുള്ള തീരുമാനത്തിലാണ് ഇസ്രായേല്‍.
വടക്കന്‍ മേഖലയില്‍ നിന്ന് പൂര്‍ണമായും ഒഴിഞ്ഞുപോകണമെന്നും ഇസ്രായേല്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്. വടക്കന്‍ ഗാസയിലുണ്ടായിരുന്ന ഹമാസിന്റെ തുരങ്കങ്ങള്‍, ആയുധപ്പുരകള്‍, ആയുധനിര്‍മാണശാലകള്‍ എന്നിവ അപ്പാടെ തകര്‍ത്തതായും ഹമാസ് ആയുധക്കോപ്പുകള്‍ സംഭരിക്കാന്‍ നീക്കം നടത്തിയാല്‍ വീണ്ടും യുദ്ധം തുടങ്ങുമെന്നും ഇസ്രായേല്‍ വ്യക്തമാക്കിക്കഴിഞ്ഞു.
ഹമാസ് ഒക്ടോബര്‍ ആറിന് രാത്രി നടത്തിയ മിന്നല്‍ ആക്രമണത്തില്‍ ബന്ധികളാക്കിയ ഇസ്രായേലി പൗരന്മാരെ പൂര്‍ണമായി വിട്ടുകൊടുത്തില്ലെങ്കില്‍ ഇസ്രയേല്‍ ഏറെ ദിവസങ്ങള്‍ കാത്തിരിക്കില്ല. ഹമാസിന്റെ ഈ നീക്കത്തിനു പകരമായി, ഇസ്രയേലിലെ ജയിലുകളിലുള്ള പലസ്തീന് തടവുകാരില്‍ ചിലരെയും വിട്ടയയ്ക്കുന്നുണ്ട്. ഇവരില്‍ പലരും കൊടുംതീവ്രവാദികളാണെന്നാണ് ഇസ്രായേല്‍ പറയുന്നത്. ഇസ്രയേലിലെ മൂന്നു ജയിലുകളില്‍നിന്നും വെസ്റ്റ്ബാങ്കിലെ ജയിലുകളില്നിന്നുമുള്ള പലസ്തീന് തടവുകാരെയാണ് മോചിപ്പിക്കുന്നത്. ഇവരെ ബസ് മാര്‍ഗം ഒഫെര്‍ പട്ടാളക്യാമ്ബിലെത്തിക്കുമെന്നാണ് പറയുന്നത്. ഇതിൽ ഗാസയില്‍നിന്നുള്ള അഞ്ചുപേരും ബാക്കിയുള്ളവരെല്ലാം വെസ്റ്റ്ബാങ്കില്‍ ഉള്ളവരുമാണ്.
വടക്കന്‍ ഗാസയില്‍നിന്ന് കുടിയിറക്കപ്പെട്ട ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ ഇപ്പോഴും തെക്കന്‍ ഗാസയിലെ ആശുപത്രികളിലും സ്കൂളുകളിലും മോസ്കുകളിലും കഴിയുകയാണ്. ഇവരില്‍ ഒരാളെപ്പോലും വടക്കന്‍ ഗാസയില്‍ തിരികെ കാലുകുത്തിക്കാന്‍ അനുവദിക്കില്ലെന്നും ഈ സംഘത്തില്‍ ഹമാസ് പോരാളികൾ ഉണ്ടെന്നുമാണ് ഇസ്രായേല്‍ സൈന്യം ആരോപിക്കുന്നത്. വടക്കന്‍ ഗാസയിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയില്‍ അതിര്‍ത്തിയില്‍ കാത്തുനിന്ന അഭയാര്‍ഥികളോട് സ്വന്തം വീടുകളിലേക്ക് മടങ്ങരുതെന്ന് ഇസ്രയേല്‍ മുന്നറിയിപ്പുനല്‍കിയിരിക്കുന്നു. തിരികെപ്പോകാനുള്ള അവരുടെ ശ്രമം തടയുമെന്നും അറിയിച്ചിട്ടുണ്ട്. വെടിനിർത്തൽ നടപ്പിലാകുമ്പോളും തങ്ങളുടെ മേധാവിത്വം തെളിയിക്കാനാണ് ഇസ്രായേൽ ഇപ്പോൾ ശ്രമിക്കുന്നത്.