ഇന്നേവരെ കാണാത്ത ക്രൂരതയുമായി ഇസ്രായേൽ; അൽ നസറിലെ കരളലിയുന്ന കാഴ്ച്ച..
ഹൃദയം തകർക്കുന്ന കാഴ്ചകളാണ് ഗാസയിലെ അൽ നാസർ ആശുപത്രിയിൽ ഇപ്പോൾ കാണാൻ ആവുന്നത്. ജനിച്ചിട്ട് ദിവസങ്ങളും, മാസങ്ങളും മാത്രം പിന്നിട്ട കുഞ്ഞുമക്കളുടെ മൃതദേഹങ്ങള്‍ പുഴുവരിക്കുന്ന രീതിയിലാണ് ഉള്ളത്. അൽ നാസർ ആശുപത്രിയിൽ മരുന്നിന്റെ മണത്തിന് പകരം എങ്ങും മരണത്തിന്റെ മണം ആണെന്നാണ് അവിടം സന്ദർശിച്ച റിപ്പോർട്ടർ പറയുന്നത്. മരുന്നുകുത്തി വെച്ച ഡ്രിപ്പുകളിലും അവിടുത്തെ കിടക്കകളിലും വരെ പുഴുവരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
ഏതു സാഹചര്യത്തിലും ഏറ്റവും സുരക്ഷിതമെന്ന് നമ്മൾ കരുതുന്ന ഒരു ആശുപത്രി മുറിക്കുള്ളിലെ ദൃശ്യങ്ങളാണിത്. ഗസ്സയിലെ അല്‍ നാസര്‍ ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ ഐ.സി.യുവിലാണ് ലോകത്തെ നടുക്കുന്ന ഈ കാഴ്ച. ഐ.സി.യു കിടക്കകളില്‍ പരിചരണം കിട്ടാതെ മരിച്ച അഞ്ച് പിഞ്ചോമനകളുടെ ശവശരീരങ്ങള്‍ ദ്രവിച്ചു തുടങ്ങുന്ന അവസ്ഥയിലാണിപ്പോൾ.
മൂന്നാഴ്ച മുമ്പാണ് ഈ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ സൈന്യം കണ്ണില്‍ചോരയില്ലാത്ത ആക്രമണം നടത്തിയത്. രോഗികളെയും ഡോക്ടര്‍മാരെയും അവർ കൂട്ടത്തോടെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍, ഐ.സി.യുവില്‍ ചികിത്സയിലുള്ള കുട്ടികളെ മാറ്റാൻ അനുവദിച്ചില്ല. ആവശ്യമായ ചികിത്സയും പരിചരണവും ലഭിക്കാതെ ആ പിഞ്ചുകുട്ടികള്‍ ഇഞ്ചിഞ്ചായി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹമാസിന്റെ താവളമാണെന്ന് ആരോപിച്ചാണ് ഇസ്രായേല്‍ അധിനിവേശ സേന അല്‍ നാസര്‍ ആശുപത്രി ഒഴിപ്പിച്ചത്. ആശുപത്രിക്ക് നേരെ സൈന്യം കനത്ത ആക്രമണം അഴിച്ചുവിടുകയും ചെയ്തു.
വെടിനിര്‍ത്തലിന്റെ നാലാം ദിവസം ആശുപത്രിക്കുള്ളില്‍ കടന്ന അല്‍ മശ്ഹദ് ടി.വി ലേഖകൻ മുഹമ്മദ് ബലൂശയാണ് ഐ.സി.യു കിടക്കകളിലെ കുട്ടികളുടെ മൃതദേഹത്തിന്റെ ദാരുണമായ ഈ ദൃശ്യം പുറത്തെത്തിച്ചത്. സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനങ്ങളാണ് ഇതിനെ തുടര്‍ന്ന് ഇസ്രായേലി സേനക്കെതിരെ ഉയരുന്നത്. മനുഷ്യത്വത്തിനെതിരായ ക്രൂരകൃത്യം എന്നാണ് ഇതിനെ പലരും വിശേഷിപ്പിച്ചത്. കുട്ടികളുടെ ശരീരങ്ങൾ കിടക്കകളില്‍നിന്ന് നീക്കാനും ഖബറടക്കാനും പോലും സൈന്യം അനുമതി നല്‍കിയില്ലെന്ന് ആശുപത്രി ഡയറക്ടര്‍ ഡോ. മുസ്തഫ അല്‍ കഹ്ലൂത് പറയുന്നു.
കുട്ടികളുടെ അവസ്ഥയെക്കുറിച്ച് നേരത്തേ റെഡ്ക്രോസ് അടക്കം അന്താരാഷ്ട്ര സംഘടനകള്‍ക്ക് വിവരം നല്‍കിയിരുന്നു. കുട്ടികള്‍ മരണത്തിന്റെ വക്കിലാണെന്ന് ഇസ്രായേലി സൈനിക ഓഫിസര്‍മാരെയും അവർ അറിയിച്ചിരുന്നു. എന്നാല്‍, പ്രതികരണം ഒന്നും ഉണ്ടായില്ല. കനത്ത ആക്രമണമാണ് ആശുപത്രിക്കുനേരെ ഇസ്രായേല്‍ സേന നടത്തിയത്. സംഭവത്തെക്കുറിച്ച് സ്വതന്ത്ര സമിതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ യൂറോ-മെഡ് ഹ്യൂമൻറൈറ്റ്സ് മോണിറ്റര്‍ ആവശ്യപെടുന്നുണ്ട്.
യുദ്ധത്തിന്റെ കാഴ്ചകൾ എപ്പോളും ദാരുണമായിരിക്കും. പക്ഷെ ആശുപത്രിയിൽ, ഐസിയു വിലെ പിഞ്ചുകുട്ടികൾക്ക് നേരിട്ട ഈ ദുരന്തം ഏറെക്കാലം മനസ്സിനെ നടുക്കുക തന്നെ ചെയ്യും. യുദ്ധത്തിൽ അന്തിമവിജയം ആര് നേടിയാലും ഇത്തരം സംഭവങ്ങൾ ഒരു തീരാകളങ്കമായി തന്നെ അവശേഷിക്കും..