മാലദ്വീപ് ഇന്ന് പോളിങ് ബൂത്തിലേക്ക്; മുയിസുവിന്റെ ഭാവി ജനം നിശ്ചയിക്കും
പാർലമെന്റ് തിരഞ്ഞെടുപ്പിന് മാലെദ്വീപ് ഇന്ന് പോളിങ് ബൂത്തിലേക്ക്. പ്രസിഡന്റ് മൊഹമ്മദ് മുയിസുവിന്റെ ഇന്ത്യാവിരുദ്ധ-ചൈനീസ് അനുകൂല നിലപാടുകളുടെ ഫലനിർണയവേള കൂടിയാകും ഇന്നത്തെ തിരഞ്ഞെടുപ്പ്.
കാലങ്ങളായി ഇന്ത്യയോടു ചേർന്നു നില്ക്കുന്ന വിദേശനയമായിരുന്നു മാലദ്വീപ് തുടർന്നിരുന്നത്. എന്നാല്‍ മുയിസു അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യാവിരുദ്ധവും ചൈനീസ് അനുകൂലവുമായ നയങ്ങള്‍ സ്വീകരിക്കുകയായിരുന്നു.
ഇന്ത്യൻ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന 1192 ദ്വീപുകളുടെ ശൃംഘലയാണ് മാലദ്വീപ്. വിനോദസഞ്ചാരം, രാജ്യാന്തരകപ്പല്‍ച്ചാലിന്റെ സാന്നിധ്യം തുടങ്ങിയ നിരവധി പ്രാധാന്യങ്ങള്‍ മാലദ്വീപിനുണ്ട്. ഇന്ത്യ-ചൈന ഭൗമരാഷ്ട്രീയ ഭൂപടത്തിലും മാലദ്വീപിന് നിർണായക സ്ഥാനമാണുള്ളത്.
മുഖ്യപ്രതിപക്ഷ പാർട്ടിയും ഇന്ത്യ അനുകൂല നിലപാട് ഉയർത്തിപ്പിടിക്കുന്നവരുമായ മാലിദീവിയൻ ഡെമോക്രാറ്റിക് പാർട്ടി ഭൂരിപക്ഷം നേടുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ സെപ്റ്റംബറിലാണ് പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് നേതാവായ മുയിസു അധികാരത്തിലെത്തിയത്. മുൻ പ്രസിഡന്റും ചൈനീസ് അനുകൂല നിലപാടുകാരനുമായ അബ്ദുള്ള യമീൻ, കഴിഞ്ഞയാഴ്ച ജയില്‍മോചിതനായിരുന്നു. അഴിമതിക്കേസിനെ തുടർന്നായിരുന്നു യമീൻ ജയിലിലായത്. എന്നാല്‍ അദ്ദേഹത്തിന്റെ 11 വർഷം തടവുശിക്ഷ കോടതി റദ്ദാക്കിയതോടെ മോചിതനാവുകയായിരുന്നു.