കാട്ടുതീയിൽ കത്തിയമര്‍ന്ന് മൗയി ദ്വീപ് ; മരണം 36
അമേരിക്കയിലെ ഹവായിലെ മൗയി ദ്വീപില്‍ കാട്ടുതീയില്‍ 36 പേര് മരിച്ചതായി സ്ഥിരീകരിച്ചു. ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കാട്ടുതീ ദ്വിപിനെ വിഴുങ്ങി. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ലഹൈന പൂര്‍ണമായും നശിച്ചു. നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും നശിച്ചു. ജീവരക്ഷാര്‍ഥം നിരവധിയാളുകള്‍ കടലില്‍ ചാടി. പൊള്ളലേറ്റവരെ വിമാനമാര്‍ഗം ഒവാഹു ദ്വീപിലേക്ക് മാറ്റുകയാണ്. ആയിരക്കണക്കിന് ദ്വീപ് നിവാസികൾ പുറത്തേക്ക് പലായനം ചെയ്തു.
ബുധനാഴ്ചയാണ് ദ്വീപില്‍ കാട്ടുതീ നാശംവിതച്ചത്. ശക്തിയേറിയ കാറ്റില്‍ രാത്രിയും പകലുമായി ഭൂരിഭാഗം ഇടത്തേക്കും തീ വ്യാപിച്ചു. വിനോദസഞ്ചാര കേന്ദ്രമായ മൗയിലേക്ക് പോകരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കാറ്റ് ശക്തി പ്രാപിച്ചതോടെ ഇടയ്ക്ക് ഇതും നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു. സ്ഥിതി നിയന്ത്രണാതീതമായതോടെ അധികൃതര്‍ വൈദ്യുതബന്ധം വിച്ഛേദിച്ചു.