ഇസ്രായേൽ സൈന്യത്തിനുള്ള സേവനങ്ങൾ മൈക്രോസോഫ്റ്റ് നിർത്തിവെച്ചു; ചാരവൃത്തിക്കായി സേവനം നൽകില്ലെന്നും കമ്പനി

ഗസ്സയിലും അധിനിവേശ വെസ്റ്റ് ബാങ്കിലുമായി ലക്ഷക്കണക്കിന് ഫലസ്തീനികളുടെ ഫോൺ കോളുകളടക്കമുള്ള സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തെ തുടർന്ന് ഇസ്രായേലി സൈനിക യൂണിറ്റിലേക്കുള്ള സേവനങ്ങൾ മൈക്രോസോഫ്റ്റ് നിർത്തിവെച്ചു.
ഇസ്രായേൽ സൈന്യം ഫലസ്തീനിലെ സിവിലിയന്മാരുടെ ഫോൺകാൾ ഡാറ്റകൾ ശേഖരിക്കുന്നതിനും ഫയലുകൾ സംഭരിക്കുന്നതിനുമായി മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോമായ ‘അസൂർ’ ഉപയോഗിക്കുന്നതായും ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു.
വലിയ അളവിലുള്ള ഇന്റലിജൻസ് ഡാറ്റകൾ അസൂറിലേക്ക് മാറ്റാനുള്ള ഇസ്രായേൽ പദ്ധതിയെക്കുറിച്ച് 2021 അവസാനത്തോടെ തന്നെ മൈക്രോസോഫ്റ്റിന് അറിയാമായിരുന്നുവെന്നും ദി ഗാർഡിയൻ റിപ്പോർട്ടിൽ പറയുന്നു.
ഗസ്സയിൽ ഇസ്രായേൽ സൈന്യം തങ്ങളുടെ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധിച്ച നിരവധി ജീവനക്കാരെ മൈക്രോസോഫ്റ്റ് ഈ അടുത്ത നാളുകളിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.
ഗസ്സയിലെ വംശഹത്യക്ക് കാരണമായ ഇസ്രായേൽ സൈന്യവുമായുള്ള മൈക്രോസോഫ്റ്റിന്റെ ബന്ധത്തിൽ പ്രതിഷേധിച്ച് നിരവധി പേർ കമ്പനിയിൽ നിന്ന് രാജിവെച്ച് പോകുകയും ചെയ്തിരുന്നു.
എന്നാൽ മൈക്രോസോഫ്റ്റ് ആ അവകാശവാദങ്ങൾ എല്ലാം തന്നെ നിഷേധിച്ചിരുന്നു. പിന്നീട് ഇസ്രായേൽ സൈന്യം ഫലസ്തീനികളെ നിരീക്ഷിക്കാൻ തങ്ങളുടെ എഐ സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്. ഇസ്രായേൽ സൈന്യം തങ്ങളുടെ സേവനങ്ങൾ എന്തിനാണ് ഉപയോഗിച്ചിരുന്നത് എന്ന് അറിയില്ലായിരുന്നു എന്നാണ് കമ്പനിയുടെ വാദം.
എന്നാൽ ഇസ്രായേലിന് രാജ്യത്തിന്റെ സൈബർ സുരക്ഷക്കായി ഇപ്പോഴും മറ്റ് മൈക്രോസോഫ്റ്റ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ കഴിയുമെന്നും കമ്പനി പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ 65,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ട ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ വംശഹത്യയിൽ ഇസ്രായേൽ സൈന്യം ഫലസ്തീനികളെ കൂട്ടത്തോടെ നിരീക്ഷിക്കാൻ മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്വെയറാണ് ഉപയോഗിച്ചിരുന്നത്.
അതിനിടെ യെമനിലെ തുറമുഖത്ത് ഹൂതികൾ ബന്ദികളാക്കിയ 24 പാകിസ്ഥാനികളെ തടവില്‍ നിന്ന് ഇസ്രായേല്‍ മോചിപ്പിച്ചു എന്നാണ് ഇന്നലെ പുറത്ത് വന്ന റിപ്പോർട്ടിൽ പറയുന്നത്.
ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ എല്ലാ ജീവനക്കാരെയും പിന്നീട് ഹൂതി സംഘം വിട്ടയച്ചു, തുടര്‍ന്ന് അവര്‍ യെമന്‍ സമുദ്രാതിര്‍ത്തി വിട്ടു പോകുകയും ചെയ്തു.
യെമന്റെ അടുത്തായി എൽപിജിയും കൊണ്ട് വന്നിരുന്ന ഒരു ടാങ്കര്‍ ഹൂത്തി വിമർ പിടികൂടി ജീവനക്കാരെ ബന്ദികളാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇസ്രായേല്‍ ഡ്രോണ്‍ ഉപയോഗിച്ച് ടാങ്കര്‍ ആക്രമിച്ചു. ഈ ടാങ്കറിലെ 27 അംഗ ജീവനക്കാരില്‍ 24 പാകിസ്ഥാന് പൗരന്മാരുണ്ടായിരുന്നു. ആക്രമണത്തിന് ശേഷം എല്ലാവരെയും ടാങ്കറില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു. സെപ്റ്റംബര്‍ 17 നാണ് സംഭവം നടന്നതെങ്കിലും പാകിസ്ഥാന് ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി ഇന്നലെയാണ് ഈ സംഭവം സ്ഥിരീകരിച്ചത്.
യെമനിലെ റാസ് ഇസ തുറമുഖത്ത് ഹൂതികള്‍ ബന്ദികളാക്കി വെച്ച അവസരത്തിൽ നടന്ന ഇസ്രായേലി ആക്രമണത്തില്‍ ടാങ്കറിന് തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തുവെന്ന് നഖ്വി പറഞ്ഞു. ജീവനക്കാരില്‍ രണ്ട് ശ്രീലങ്കന്‍ പൗരന്മാരും ഒരു നേപ്പാളി പൗരനും ഉണ്ടായിരുന്നു. കപ്പലിന്റെ ക്യാപ്റ്റന്‍ പാകിസ്ഥാന് പൗരനായിരുന്നു.
യെമനിലെ ഹൂത്തി കേന്ദ്രങ്ങളിൽ ഇസ്രായേൽ ഇപ്പോളും വ്യോമാക്രമണം തുടരുന്നതായാണ് റിപ്പോർട്ടുകൾ.