മൊസാദിന് ഗുരുതരമായ തെറ്റ് പറ്റി; അമേരിക്കയുമായുള്ള ചർച്ച കഴിഞ്ഞാൽ വീണ്ടും യുദ്ധം!!..
ലോകത്തിലെ ഏറ്റവും ബുദ്ധമാന്മാര് ഉള്‍പ്പെടുന്ന ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദിന് എവിടെയോ കടുത്ത പാളിച്ച പറ്റിയിരിക്കുന്നു എന്നാണ് വാർത്തകൾ. ആ പാളിച്ച തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ ബഞ്ചമിന് നെതന്യാഹു അമേരിക്കയുടെ സഹായം തേടുകയാണിപ്പോൾ. ഇനിയുള്ള ദിവസങ്ങളില്‍ ഹമാസിനെയും പാലസ്തീനികളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ സിഐഎ യുമായി ഇസ്രായേൽ രസഹ്യ ചര്‍ച്ചകൾ നടത്തുകയാണ്.
ഒക്ടോബര്‍ ഏഴിന് രാത്രി ഇസ്രായേലിനെ മാത്രമല്ല അമേരിക്കയെയും ലോകത്തെയുംതന്നെ ഞെട്ടിച്ച് ഹമാസ് ആയിരക്കണക്കിന് മിസൈലുകള്‍ ഇസ്രായേലിനു നേരേ തൊടുത്തു വിട്ടത് മൊസാദിന്റെ ചാര ഉപഗ്രഹങ്ങള്‍ക്കൊന്നും കണ്ടെത്താനായില്ല. ഇസ്രായേലിന്റെ അതിര്‍ത്തിയില്‍ മാത്രമല്ല ഓരോ മുക്കിലും മൂലയിലും വരെ മൊദാസിന്റെ സാന്നിധ്യമുണ്ട്. അവരുടെ ഒളികാമറകളുണ്ട്. ആകാശത്തുടനീളം നിരവധി ചാര ഉപഗ്രഹങ്ങളുണ്ട്. എന്തിനേറെ ഹമാസിനുള്ളില്‍തന്നെ ഇസ്രായേലിന് ചാരന്മാരുണ്ടെന്നാണ് പറയപ്പെടുന്നത്.
എന്തൊക്കെയാണെങ്കിലും മൊസാദിന് എവിടെയോ പിഴച്ചിരിക്കുന്നു. 47 ദിവസം ഹമാസുമായി കടുത്ത പോരാട്ടം നടത്തേണ്ടിവന്നതും മൊസാദിന്റെ വീഴ്ചകൊണ്ടുകൂടിയാണെന്ന് ഇസ്രായേല്‍ ആശങ്കപ്പെടുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ചര്‍ച്ച നടക്കുന്നത്. ഹമാസുകളുടെ ഭൂമിക്കടിയിലെ വന്‍തുരങ്കങ്ങള്‍ ഗാസയിലെ ആശുപത്രികളിലേക്കും മോസ്കുകളിലേക്കും സ്കൂളുകളിലേക്കും വരെ നീളുന്നതും ഇവിടെയൊക്കെ അവർ ആയുധവുമായി ഒളിച്ചിരിക്കുന്നതുമൊക്കെ യുദ്ധം രണ്ടാഴ്ച പിന്നിട്ടശേഷമാണ് മൊസാദിന് കണ്ടെത്താനായത്.
മാത്രവുമല്ല അഭയാര്‍ഥികള്‍ക്കൊപ്പം ഹമാസ് പോരാളികൾ സ്ത്രീവേഷത്തിലും മുഖം മറച്ചും രക്ഷപ്പെട്ടുപോയതും ഇസ്രായേൽ തിരിച്ചറിയാന്‍ ഏറെ വൈകി. രോഗികള്‍ എന്ന വ്യാജേന ഗാസയിലെ ആശുപത്രികളില്‍ കഴിഞ്ഞിരുന്നവരില്‍ ഏറെപ്പേരും തുരങ്കത്തിലൂടെ കടന്നവന്ന ഹമാസിന്റെ സൈനികർ ആയിരുന്നു എന്നതും ഇസ്രായേലിന്റെ മാനം കെടുത്തി. ആ സാഹചര്യത്തിലാണ് ആശുപത്രികള്‍ക്കും അഭയാര്‍ഥി ക്യാമ്ബുകള്‍ക്കും നേരേ തുടരെ ഇസ്രായേല്‍ ബോംബ് ആക്രമണം അഴിച്ചുവിട്ടതും നാലായിരം പേരെ വധിച്ചതുമൊക്കെ.
1951 ല്‍ ഇസ്രായേല്‍ രൂപം നൽകിയ മൊസാദിന്റെ ആസ്ഥാനം ടെല്‍ അവീവാണ്. ഈ സംഘടന സ്ഥാപിതമായ ശേഷം ഇസ്രായേല്‍ നടത്തിയ പോരാട്ടവിജയങ്ങളുടെയെല്ലാം അടിസ്ഥാന ഘടകം മൊസാദിന്റെ ബുദ്ധിപരമായ നീക്കങ്ങളായിരുന്നു. മൊസാദിന്റെ അംഗങ്ങളില്‍ പലരും ഇസ്രായേല്‍ പ്രതിരോധ സേനയില്‍ സേവനം അനുഷ്ഠിച്ചവരും അതിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമാണ്. മാത്രവുമല്ല ഒരേ സമയം ബുദ്ധിയും യുക്തിയും ഏതുതരം തന്ത്രങ്ങളും വിനിയോഗിക്കാന്‍ പ്രാപ്തരും പരിശീലനം നേടിയവരുമാണിവര്‍. ചുറ്റും ശത്രുരാജ്യങ്ങള്‍ സദാസമയം ആക്രമണത്തിന് തയാറായി നില്‍ക്കുമ്ബോഴും ഇസ്രായേല്‍ എന്ന ചെറിയ രാജ്യം സുരക്ഷിതമായി നിലനില്‍ക്കുന്നത് കേവലം രണ്ടായിരം പേരില്‍ താഴെമാത്രം അംഗബലമുള്ള മൊസാദ് എന്ന ചാരസംഘടനയുടെ ബലത്തിലാണ്. പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടുന്ന ഈ ചാരസംഘടന ഏതുതരം നീക്കം നടത്താനും സദാ സജ്ജവുമാണ്. ഹമാസിന്റെ സൈനിക തലവന്മാരെ പലപ്പോഴായി കൊലചെയ്തതും മൊസാദിന്റെ ഓപ്പറേഷനിലൂടെയാണ്.
യുദ്ധത്തിന് ആറു ദിവസം അവധി കൊടുത്തിട്ടുണ്ടെങ്കിലും അടുത്തയാഴ്ചയോടെ കരയുദ്ധം തുടങ്ങണമോ എന്നതില്‍ ഇസ്രായേലിന് ഒരു തീരുമാനമെടുക്കാന്‍ കൂടിയാണ് ഇപ്പോള്‍ മൊസാദും സിഐഎയും ചര്‍ച്ച നടത്തുന്നത് . ഹമാസ് നടത്തിയ മിന്നൽ ആക്രമണം ഇസ്രയേലിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് നൽകിയത്. ഏതു റോക്കറ്റിനെയും മിസൈലിനെയും അന്തരീക്ഷത്തില്‍ തന്നെ നിര്‍വീര്യമാക്കാന്‍ കഴിവുന്ന ഇസ്രായേലിന്റെ വിഖ്യാതമായ അയണ്‍ ഡോം എന്ന സംവിധാനത്ത നിര്‍വീര്യമാക്കിക്കൊണ്ടായിരുന്നു ഹമാസിന്റെ മിന്നലാക്രമണം.
കുറഞ്ഞ സമയത്തിനുള്ളില്‍ അനേകം റോക്കറ്റുകള്‍ വിക്ഷേപിച്ചാണ് അയണ്‍ ഡോം എന്ന വ്യോമപ്രതിരോധ സംവിധാനത്തെ ഹമാസ് കീഴടക്കിയത്. ഒരേസമയം നിരവധി ലക്ഷ്യങ്ങളെ തടസ്സപ്പെടുത്തുന്നതില്‍ അയണ്‍ ഡോം സംവിധാനത്തിന് ബുദ്ധിമുട്ടുണ്ടാക്കി. അത്തരത്തില്‍ ഹമാസുകള്‍ ഇസ്രായേലിന് ആദ്യഘട്ടത്തില്‍ ഞെട്ടിക്കുകയും ചെയ്തു.എല്ലാ പ്രതിരോധ മാര്‍ഗങ്ങളും മറികടന്ന് ആകാശമാര്‍ഗവും കരമാര്‍ഗവും അവര്‍ ഇസ്രയേലിലേക്ക് ഇരച്ചുകയറി.
ഹമാസിന്റെ ആ അപ്രതീക്ഷിത ആക്രമണത്തില്‍ ഒട്ടേറെ ഇസ്രയേലികള്‍ക്കാണ് മൂന്നു മണിക്കൂറിനുള്ളില്‍ ജീവന് നഷ്ടപ്പെട്ടത്. മാത്രവുമല്ല ഇരുന്നൂറിലേറെ പേരെ ഹമാസുകള്‍ ബന്ധിയായി കൊണ്ടുപോവുകയും ചെയ്തു. ഹമാസിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി അറിയുന്നതില്‍ മൊസാദിന് വീഴ്ച സംഭവിച്ചത് ബഞ്ചമിന് നെതന്യാഹുവിന് കടുത്ത അപമാനമായി മാറുകയും ചെയ്തു. ഈ മാനക്കേടും ആള്‍നാശവുമാണ് കണ്ണില്‍ചോരയില്ലാത്ത ആക്രമണത്തിലൂടെ പതിനാലായിരം പലസ്തീനികളെ വകവരുത്താന്‍ നെതന്യാഹുവിനെ പ്രേരിപ്പിച്ചത്.
എന്തായാലും രണ്ട് ദിവസത്തിനുള്ളിൽ മൊസാദ് തീരുമാനം എടുക്കും. അത് അനുകൂലമാണെങ്കില്‍ അടുത്തയാഴ്ച ഇസ്രായേൽ വീണ്ടും യുദ്ധം തുടങ്ങും.