അറസ്റ്റ് ഭയന്ന് യൂറോപ്യൻ പാതകൾ ഒഴിവാക്കി നെതന്യാഹു അമേരിക്കയിലേക്ക്; അടിയന്തര സാഹചര്യത്തിൽ യൂറോപ്പിൽ ഇറങ്ങേണ്ടി വന്നാൽ യുദ്ധകുറ്റവാളിയെന്ന പേരിലാകും അറസ്റ്റ് ചെയ്യുക

യുഎൻ പൊതുസഭയിൽ പങ്കെടുക്കുന്നതിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക് യാത്ര ചെയ്തത് യൂറോപ്യൻ ആകാശപാതകൾ ഒഴിവാക്കികൊണ്ടാണ്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് നിലവിലുള്ളതിനാൽ യൂറോപ്യൻ രാജ്യങ്ങളുടെ വ്യോമാതിർത്തി ഒഴിവാക്കാനായി അദ്ദേഹം വളഞ്ഞ വഴി സ്വീകരിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാണുന്നതുകൂടി ലക്ഷ്യം വെച്ചാണ് അമേരിക്കയിലേക്ക് നെതന്യാഹുവിന്റെ യാത്ര.
സാധാരണയായി യൂറോപ്പിലൂടെ പറക്കേണ്ട വിമാനം മെഡിറ്ററേനിയൻ കടലിന്റെ ദിശയിലേക്ക് തിരിച്ചുവിട്ടാണ് യാത്ര ചെയ്തത്. ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, അറസ്റ്റ് ഒഴിവാക്കാനാണ് ഈ നീക്കമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റുകൾ നൽകുന്ന വിവരമനുസരിച്ച്, നെതന്യാഹുവിന്റെ വിമാനം മെഡിറ്ററേനിയൻ കടലിനു മുകളിലൂടെ ജിബ്രാൾട്ടർ കടലിടുക്കിലേക്ക് സഞ്ചരിച്ചു. ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തിയിലൂടെ വിമാനം കടന്നുപോയെങ്കിലും ഫ്രാൻസിന്റെയും സ്പെയിനിന്റെയും വ്യോമാതിർത്തി പൂർണ്ണമായി ഒഴിവാക്കിയാണ് സഞ്ചരിച്ചത്. ഇത് യാത്രാസമയം വർദ്ധിക്കാനും കാരണമായി.
എന്നാൽ വിമാനത്തിന്റെ വഴി മാറ്റിയതിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സുരക്ഷാ കാരണങ്ങളാൽ മാധ്യമപ്രവർത്തകർക്കും നെതന്യാഹുവിൻ്റെ ചില സംഘാംഗങ്ങൾക്കും യാത്രയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. അധിക ഇന്ധനം ആവശ്യമുള്ളതിനാലാണ് ഈ ക്രമീകരണമെന്ന് ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഈ യാത്രയ്ക്കായി വിമാനത്തിലെ സീറ്റുകളുടെ ക്രമീകരണത്തിലും മാറ്റം വരുത്തിയിരുന്നു.
ഫ്രഞ്ച് വ്യോമാതിർത്തി ഉപയോഗിക്കാൻ ഇസ്രായേൽ അനുമതി തേടിയെന്നും എന്നാൽ പിന്നീട് അവർ മറ്റൊരു വഴി തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ഒരു ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥൻ പറഞ്ഞു. എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് തങ്ങൾക്ക് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂലൈയിൽ നെതന്യാഹു യുഎസ്സിലേക്ക് നടത്തിയ യാത്രയിൽ ഗ്രീസ്, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തി ഉപയോഗിച്ചിരുന്നു.
അന്താരാഷ്ട്ര ക്രിമിനൽ കോടതി കഴിഞ്ഞ നവംബറിൽ നെതന്യാഹുവിനെതിരെ യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾക്കും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഐസിസി അംഗങ്ങളായ യൂറോപ്യൻ രാജ്യങ്ങളുടെ വ്യോമാതിർത്തിയിലൂടെ നെതന്യാഹു സഞ്ചരിച്ചാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ സാധിച്ചെന്നു വരും. ഇസ്രായേലും അമേരിക്കയും ഐസിസി അംഗങ്ങളുമല്ല.
ഗാസയിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കാൻ ഇസ്രായേലിനുമേൽ സമ്മർദ്ദം ചെലുത്തുന്നതിനായി ഫ്രാൻസ് പലതരം നീക്കങ്ങളും നടത്തുന്നുണ്ട്. പലസ്തീനെ ഒരു രാഷ്ട്രമായി ഫ്രാൻസ് കഴിഞ്ഞദിവസം അംഗീകരിച്ചിരുന്നു. ഐക്യരാഷ്ട്രസഭയിൽ നടന്ന പലസ്തീൻ അനുകൂല ഉച്ചകോടിക്ക് ആതിഥേയരായത് ഫ്രാൻസും സൗദിയുമായിരുന്നു. ഈ നീക്കത്തെ നെതന്യാഹു ശക്തമായി എതിർത്തിരുന്നു.
മുമ്പ്, യുഎൻ പ്രത്യേക പ്രതിനിധി ഫ്രാൻസെസ്ക അൽബാനീസ്, നെതന്യാഹുവിന് സുരക്ഷിത പാത ഒരുക്കിയതിന് ഇറ്റലിയെയും ഫ്രാൻസിനെയും ഗ്രീസിനെയും വിമർശിച്ചിരുന്നു. നെതന്യാഹുവിന്റെ ഫെബ്രുവരിയിലെ വാഷിംഗ്ടൺ യാത്രയിൽ യൂറോപ്പിൽ അടിയന്തര ലാൻഡിംഗ് നടത്തുന്നത് ഒഴിവാക്കാൻ ശ്രമിച്ചതായി ഇസ്രായേൽ അംബാസഡർ യെഹിയേൽ ലീറ്റർ പറയുകയുണ്ടായി. യൂറോപ്പിലെവിടെയെങ്കിലും ഇറങ്ങേണ്ടി വന്നാൽ അദ്ദേഹത്തെ യുദ്ധക്കുറ്റവാളിയായി അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും നയതന്ത്രജ്ഞർ പറയുന്നു.
ഇക്കാരണങ്ങളാല് ഇത്തവണ അടിയന്തര സാഹചര്യമുണ്ടായാൽ യുഎസ് സൈനിക താവളങ്ങളിൽ ഇറങ്ങാൻ സാധിക്കുന്ന തരത്തിൽ വിമാനം യുഎസ് സൈനിക താവളങ്ങൾക്ക് അടുത്തുള്ള വ്യോമാതിർത്തിയിലൂടെയാണ് സഞ്ചരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങളുടെ നേതാക്കളെ കുറ്റപ്പെടുത്തുമെന്ന് യാത്ര തിരിക്കുന്നതിന് മുമ്പ് തെല് അവിവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് നെതന്യാഹു വ്യക്തമാക്കിയിരുന്നു.
ഫ്രാൻസ്, യുകെ, കാനഡ, ആസ്ട്രേലിയ, ബെൽജിയം എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളാണ് അടുത്തിടെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചത്. ഇതോടെ ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളിൽ ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിച്ചവരുടെ എണ്ണം 159 ആയി ഉയർന്നിരുന്നു.