പലസ്തീനികളെ പട്ടിണിക്കിട്ട് കൊല്ലാനൊരുങ്ങി നെതന്യാഹു; ഗാസയിൽ ഭക്ഷണവും വെള്ളവുമില്ല, രൂക്ഷമായി പ്രതികരിച്ച് ഹമാസ്

ഗാസയിലെ വെടിനിര്‍ത്തലിന്റെ രണ്ടാംഘട്ടം സംബന്ധിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് ഹമാസും ഇസ്രയേലും തയ്യാറെടുക്കുന്നതിനിടെ, ഗാസയെ പൂണ്ണമായും ഇരുട്ടിലാക്കിയിരിക്കുകയാണ് ഇസ്രയേല്‍. ബന്ദികളെ എത്രയും പെട്ടെന്ന് മോചിപ്പിക്കാന്‍ ഹമാസിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഏറ്റവും പുതിയ തന്ത്രമാണ് ഇസ്രയേലിന്റെ ഈ വൈദ്യുതി കട്ട് ചെയ്യൽ.
ഭീകരമായ യുദ്ധക്കെടുതികൾ നേരിടുന്ന ഈ പ്രദേശത്തേക്കുള്ള എല്ലാ സഹായ വിതരണങ്ങളും നിര്‍ത്തിവെച്ച് ഒരാഴ്ച കഴിഞ്ഞാണ് ഇസ്രയേലിന്റെ ഈ പുതിയ പ്രഖ്യാപനവും ഇപ്പോള്‍ വന്നിരിക്കുന്നത്. ഗാസയില്‍ ഇസ്രയേല്‍ ‘ഉപരോധം’ പ്രഖ്യാപിച്ച യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളിൽ ഉണ്ടയതിന് സമാനമായ ഒരു നീക്കമാണ് ഇപ്പോള്‍ ഇസ്രയേലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
വൈദ്യുതി മുടക്കത്തെ ‘ബ്ലാക്ക്മെയില്‍’ എന്നാണ് ഹമാസ് വിശേഷിപ്പിച്ചത്. കഴിഞ്ഞ ആഴ്ച ഗാസയിലേയ്ക്കുള്ള അവശ്യവസ്തുക്കള്‍ ഇസ്രയേല്‍ തടഞ്ഞപ്പോഴും ഹമാസ് അതിനെതിരെ ശക്തമായ പ്രതികരണം നടത്തിയിരുന്നു. ഗാസ വെടിനിര്‍ത്തലിന്റെ പ്രാരംഭ ഘട്ടം മാര്‍ച്ച് 1 ഓടെ അവസാനിച്ചിരുന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായിരിക്കുമ്പോള്‍ തന്നെ ഫലസ്തീനികളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആ പ്രദേശങ്ങളില്‍ വ്യോമാക്രമണം നടത്തിയിരുന്നു. കാര്യങ്ങള്‍ പൂര്‍ണ്ണമായ യുദ്ധത്തിലേക്ക് കൊണ്ടു ചെന്നെത്തിക്കാനുള്ള സമ്മര്‍ദ്ദമാണ് ഇസ്രയേല്‍ നടത്തുന്നത് എന്നാണ് ഹമാസ് വിമര്‍ശിക്കുന്നത്.
വൈദ്യുതി വിതരണം നിർത്തുന്നത് തങ്ങൾ ബന്ദികളാക്കിയ ഇസ്രായേൽ പൗരന്മാരെയും ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ഹമാസ്, തങ്ങളുടെ നിലപാടിൽ മാറ്റങ്ങളില്ലെന്നും ഈജിപ്ഷ്യൻ മധ്യസ്ഥരുമായുള്ള ആദ്യഘട്ട വെടിനിർത്തൽ ചർച്ച ഞായറാഴ്ച അവസാനിപ്പിച്ചതായും പറഞ്ഞു.
ഇസ്രയേൽ വൈദ്യുതി വിതരണം വിച്ഛേദിച്ചതോടെ പൂർണ്ണമായും ഇരുട്ടിലായി ഗാസ മുനമ്പ്. ദെയ്ർ അൽ ബലായിലെ കുടിവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റിന്റെ പ്രവർത്തനവും നിലച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. വംശഹത്യക്ക് ആക്കംകൂട്ടുന്ന നീക്കമാണ് ഇസ്രയേൽ നടത്തുന്നതെന്ന് പലസ്തീൻ അതോറിറ്റി പ്രതികരിച്ചു. ഇസ്രയേൽ നടപ്പാക്കുന്ന പട്ടിണി നയത്തിന്റെ ഭാഗമായാണ് ഗാസ മുനമ്പിനെ ഇരുട്ടിലാക്കിയതെന്ന് ഹമാസ് പറഞ്ഞു.
ഖത്തറിൽ വെടിനിർത്തൽ ചർച്ചകൾ വീണ്ടും തുടങ്ങാൻ പോകുമ്പോളാണ് ഇസ്രയേൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി വിതരണം നിർത്തിവച്ചത്. ഖത്തറിലേക്ക് പ്രതിനിധി സംഘത്തെ അയക്കുമെന്ന അറിയിപ്പിന് തൊട്ടുപിന്നാലെ ഞായർ രാത്രിയാണ് വൈദ്യുതിബന്ധം വിച്ഛേദിക്കാൻ ഊർജ മന്ത്രി ഏലി കോഹെൻ ഉത്തരവിട്ടത്.
ഒരാഴ്ചയിലേറെയായി ഗാസയിലേക്ക് ഭക്ഷണവും ഇന്ധനവുമടക്കമുള്ള അവശ്യവസ്തുക്കൾ എത്തുന്നില്ല. ഒരു യുദ്ധത്തിലൂടെ ആയുധങ്ങൾ ഉപയോഗിച്ച് ആളുകളെ കൊല്ലുന്നതിലും ക്രൂരമായ ഒരു നടപടിയാണ് ഇസ്രായേൽ ഇപ്പോൾ സ്വീകരിക്കുന്നത്. കുടിവെള്ളമില്ലാതെ, ഭക്ഷണമില്ലാതെ, മരുന്നുകളില്ലാതെ എങ്ങനെയാണ് സാധാരണക്കാരായ ജനങ്ങൾ ഗാസയിൽ ജീവിക്കുന്നത്??
ഇസ്രായേൽ നടത്തിയ ബോംബിങ്ങിലും റോക്കറ്റ് ആക്രമണങ്ങളിലും കൊല്ലപ്പെട്ടവരേക്കാൾ കൂടുതൽ ജനങ്ങൾ ആയിരിക്കും ഇങ്ങനെ പട്ടിണി കിടന്ന് നരകിച്ച് മരിക്കാൻ പോകുന്നത്. മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഇസ്രായേൽ ഇപ്പോൾ ചെയ്ത കാണിക്കുന്നത്. ഐക്യ രാഷ്ട്ര സഭയും മറ്റുള്ള ലോകരാജ്യങ്ങളും അതൊന്നും കാണുന്നില്ല, അല്ലെങ്കിൽ കണ്ടതാണ് ഭാവിക്കുന്നില്ല.