അമേരിക്കൻ സൈനികനെ പിടികൂടിയെന്ന് ഉത്തര കൊറിയ
അതിര്‍ത്തി കടന്ന് പ്രവേശിച്ച യു.എസ് സൈനികൻ ട്രാവിസ് കിംഗിനെ പിടികൂടിയെന്ന് ഉത്തര കൊറിയ സ്ഥിരീകരിച്ചതായി ഐക്യരാഷ്ട്ര സംഘടന കമാൻഡ്. ട്രാവിസിന്റെ മോചനം സംബന്ധിച്ച് ചര്‍ച്ച നടത്താനുള്ള തങ്ങളുടെ ശ്രമങ്ങളോട് ഉത്തര കൊറിയ പ്രതികരിക്കുന്നില്ലെന്ന് യു.എസ് നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് ട്രാവിസിന്റെ വിവരങ്ങള്‍ക്കായി യു.എൻ കമാൻഡ് ഉത്തര കൊറിയയുമായി ബന്ധപ്പെടുകയായിരുന്നു. അതേ സമയം, ട്രാവിസിനെ പിടികൂടിയ കാര്യം ഉത്തര കൊറിയ പരസ്യമായി അംഗീകരിച്ചിട്ടില്ല. ഉത്തര കൊറിയയുടെ പ്രതികരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നാണ് യു.എൻ കമാൻഡ് പറയുന്നത്.
ചര്‍ച്ച തുടങ്ങാൻ ഉത്തര കൊറിയ തയാറാണെന്നതിന്റെ സൂചനയായി ഈ നീക്കം വിലയിരുത്തുന്നുണ്ട്. ജൂലായ് 18നാണ് ദക്ഷിണ കൊറിയയ്ക്കും ഉത്തര കൊറിയയ്ക്കും ഇടയിലെ ജോയിന്റ് സെക്യൂരിറ്റി ഏരിയ കാണാനെത്തിയ ട്രാവിസ് അതിര്‍ത്തികടന്ന് ഉത്തര കൊറിയയിലേക്ക് പ്രവേശിച്ചത്. ദക്ഷിണ കൊറിയയില്‍ വിന്യസിച്ചിരുന്ന ട്രാവിസിനെ അച്ചടക്ക കാരണങ്ങളാല്‍ യു.എസിലേക്ക് തിരികെ വിളിച്ചിരുന്നു. എന്നാല്‍, വിമാനത്താവളത്തില്‍ നിന്ന് കടന്ന ഇയാള്‍ അതിര്‍ത്തി സന്ദര്‍ശനത്തിന് പോയ ഒരു സംഘത്തോടൊപ്പം ചേരുകയായിരുന്നു. ഇയാള്‍ ബോധപൂര്‍വം ഉത്തര കൊറിയയിലേക്ക് കടന്നതായാണ് ദൃക്സാക്ഷികളുടെ മൊഴി. ഉത്തര കൊറിയയും യു.എസും തമ്മിലെ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെയാണ് സംഭവം.