അമേരിക്കയിലെ ഫലസ്തീൻ അനുകൂല പ്രതിഷേധം: സാമ്ബത്തിക പിന്തുണ നല്‍കുന്നത് ജൂത കോടീശ്വരനെന്ന് റിപ്പോര്‍ട്ട്
അമേരിക്കയിലെ കാമ്ബസുകളില്‍ പടർന്നുപന്തലിച്ച ഫലസ്തീൻ അനുകൂല വിദ്യാർഥി പ്രതിഷേധങ്ങള്‍ക്ക് ജൂത കോടീശ്വരൻ ജോർജ് സോറോസിന്റെ സഹായമുണ്ടെന്ന് റിപ്പോർട്ട്.
യഹൂദ ഇടതുപക്ഷ ചായ്വുള്ള ജീവകാരുണ്യ പ്രവർത്തകനായ സോറോസും അദ്ദേഹം ധനസഹായം നല്കുന്ന സംഘടനകളുമാണ് ഫലസ്തീൻ അനുകൂല പ്രവർത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതെന്ന് ദെ ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞയാഴ്ച കൊളംബിയ സർവകലാശാലയിലാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. നിലവില്‍ എട്ടിലധികം സംസ്ഥാനങ്ങളിലെ സർവകലാശാലകളിലേക്ക് പ്രതിഷേധം പടർന്നിരിക്കുന്നു.
കൊളംബിയ, ഹാർവാർഡ്, യേല്‍, കാലിഫോർണിയയിലെ ബെർക്ക്ലി, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ജോർജിയയിലെ എമോറി എന്നിവയുള്‍പ്പെടെ നിരവധി കാമ്ബസുകളില്‍ ‘ലിബറേറ്റഡ് സോണുകള്‍’ എന്ന് പേരിട്ട ക്യാമ്ബ് സൈറ്റുകള്‍ ഒരുക്കിയാണ് പ്രതിഷേധം. ജോർജ് സോറോസ് ധനസഹായം നല്കുന്ന സ്റ്റുഡന്റ്സ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീന്റെ (എസ്ജെപി) ഘടകങ്ങളാണ് ഇവയെല്ലാം സംഘടിപ്പിച്ചതെന്ന് ദ ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളുടെ ശൃംഖലയാണ് എസ്.ജെ.പിക്ക് ധനസഹായം നല്‍കിയത്. ഇത് സോറോസിന്റെ പിന്തുണയോടെയായിരുന്നു.
മൂന്ന് സർവകലാശാലകളില്‍ ‘യു.എസ് കാമ്ബെയ്ൻ ഫോർ ഫലസ്തീനിയൻ റൈറ്റ്സ് (യു.എസ്.സി.പി.ആർ) എന്ന ജോർജ് സോറോസിന്റെ ധനസഹായമുള്ള സംഘടനയുടെ പ്രവർത്തകരാണ് പ്രകടനങ്ങള്‍ നടത്തുന്നത്. പ്രതിഷേധം നടത്തുന്നവർക്ക് പണം ലഭിക്കുന്നതായും റിപ്പോർട്ട് ആരോപിക്കുന്നു.
ഈ ആരോപണങ്ങള്‍ നിഷേധിച്ച് വിദ്യാർഥികളും രംഗത്തുവന്നു. അമേരിക്കയുടെ ധനസഹായത്തോടെയും സൈനിക – രാഷ്ട്രീയ പിന്തുണയോടെയും നടക്കുന്ന വംശഹത്യയുടെ ഇടയിലാണ് നമ്മള് നില്‍ക്കുന്നത്. ഇതിനിടയില്‍ തങ്ങളുടെ സമരത്തിന് പിന്നിലെ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട അടിസ്ഥാനരഹിത ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് സ്റ്റുഡന്റ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീൻ പ്രവർത്തകർ ദെ വാഷിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.