ഇസ്രായേലിലേക്ക് ആയുധങ്ങളുമായി പോകുന്ന യു.എസ് കപ്പല്‍ തടഞ്ഞിട്ട് പ്രക്ഷോഭകര്‍
ഇസ്രായേലിലേക്ക് ആയുധങ്ങളുമായി പോകുന്ന കപ്പല്‍ യു.എസിലെ ഓക്ലൻഡ് തുറമുഖത്ത് തടഞ്ഞിട്ട് പ്രക്ഷോഭകര്‍.
വെള്ളിയാഴ്ച രാവിലെയാണ് 200ഓളം പേര് പ്രതിഷേധവുമായി എത്തിയത്. ഇസ്രായേലിന് സൈനിക സഹായം നല്‍കരുതെന്നും വെടിനിര്‍ത്തണമെന്നുമുള്ള ബാനറുകളും ഫലസ്തീൻ പതാകകളുമായാണ് ഇവര്‍ എത്തിയത്. തുടര്‍ന്ന് കേപ് ഒര്‍ലാൻഡോ എന്ന കപ്പലില്‍ കയറിയും മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചും പുറപ്പെടുന്നത് തടയുകയായിരുന്നു.
സാൻഫ്രാൻസിസ്കൊ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറബ് റിസോഴ്സ് ഓര്ഗനൈസേഷൻ സെന്ററിന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം അരങ്ങേറിയത്. ജൂത വിഭാഗക്കാരായ നിരവധി പേര് ഇതില്‍ പങ്കാളികളായി. ഇറാഖ്, അഫ്ഗാനിസ്താൻ അധിനിവേശത്തില്‍ ഉപയോഗിച്ച കപ്പലാണ് കേപ് ഒര്‍ലാൻഡോ. 2014ലും 2021ലും ഇതേ രീതിയില്‍ ഓക്ലൻഡില് പ്രക്ഷോഭം അരങ്ങേറിയിരുന്നു