പുടിന്റെ വിമര്ശകൻ അലക്സി നവാല്‍നിയെ ജയിലില്‍ നിന്ന് കാണാതായി

റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലക്സി നവാല്‍നിയെ ജയിലില്‍ നിന്ന് കാണാതായി.
അദ്ദേഹത്തെ എവിടേക്കാണ് മാറ്റിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. മോസ്കോയിലെ അതീവ സുരക്ഷ ജയിലില്‍ തടവുകാരനായിരുന്നു നവാല്‍നി. കഴിഞ്ഞ ആറുദിവസമായി നവാല്‍നിയെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ അറിയിച്ചത്. എവിടേക്കാണ് അവര്‍ അദ്ദേഹത്തെ കൊണ്ടുപോയതെന്ന് പറയാൻ വിസമ്മതിക്കുകയാണെന്നും സഹപ്രവര്ത്തകൻ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് നവാല്‍നിയുടെ തിരോധാനം. ‘ഈ തെരഞ്ഞെടുപ്പില്‍ തന്റെ പ്രധാന എതിരാളി ആരാണെന്നത് പുടിന് അറിയാവുന്ന കാര്യമാണ്. നവാല്‍നിയുടെ ശബ്ദം കേള്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു.’-സഹപ്രവര്ത്തകന് പറയുന്നു.
47 കാരനായ നവാല്‍നി, തീവ്രവാദം ഉള്‍പ്പെടെയുള്ള കൃത്യങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 30 വര്‍ഷത്തിലേറെ തടവ് അനുഭവിക്കുകയാണ്. എന്നാല്‍ ഈ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് നവാല്‍നിയും അനുയായികളും ആരോപിക്കുന്നു.