റഷ്യൻ മുങ്ങിക്കപ്പൽ തകർത്ത് ഉക്രൈനിൻറെ സമുദ്ര ഡ്രോൺ; ചരിത്രത്തിലെ തന്നെ ആദ്യ സംഭവമെന്ന് വിലയിരുത്തൽ
കരിങ്കടൽ തീരത്ത് നങ്കൂരമിട്ടിരുന്ന ഒരു റഷ്യൻ മുങ്ങിക്കപ്പലിനെ കടൽ ഡ്രോൺ ഉപയോഗിച്ച് തകർത്തെന്ന് അവകാശപ്പെടുകയാണ് യുക്രെയ്ൻ. കരിങ്കടൽ തീരത്തെ റഷ്യൻ ശക്തികേന്ദ്രമായ നോവോ റോസിസ്കിലെ അനേകം കപ്പലുകൾ നങ്കൂരമിട്ടിരിക്കുന്ന നാവികത്താവളത്തിലാണ് ഡ്രോൺ ആക്രമണമുണ്ടായത്.
ഇതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. യുക്രെയ്ന്റെ വാദം ശരിയെങ്കിൽ ഇത്തരത്തിലുള്ള ലോകത്തെ ആദ്യ ആക്രമണമാണിത്. യുക്രെയ്ന്റെ ആക്രമണം റഷ്യ സ്ഥിരീകരിച്ചു. എന്നാൽ, മുങ്ങിക്കപ്പൽ തകർന്നില്ലെന്നാണു റഷ്യയുടെ അവകാശവാദം.
യുക്രെയ്ന്റെ രഹസ്യ ഡ്രോണായ ‘സബ് സീ ബേബി’യാണ് മുങ്ങിക്കപ്പലിനെ ആക്രമിച്ചത്. റഷ്യൻ അധിനിവേശത്തിനു ശേഷം വികസിപ്പിച്ച ഈ ഡ്രോണിന്റെ നിയന്ത്രണം യുക്രെയ്ന്റെ സ്റ്റേറ്റ് സെക്യൂരിറ്റി സർവീസിനാണ്. ഈ ഡ്രോണിനെപ്പറ്റി വളരെ പരിമിതമായ വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളു. വർഷവ്യാങ്ക ഗണത്തിൽപെട്ട റഷ്യൻ മുങ്ങിക്കപ്പലാണ് ആക്രമിക്കപ്പെട്ടത് എന്ന് പറയുന്നു. 52 നാവികർ മുങ്ങിക്കപ്പലിൽ ഉണ്ടായിരുന്നതായാണ് സൂചന. 73.8 മീറ്റർ നീളമുള്ള മുങ്ങിക്കപ്പലിന് 40 കോടി അമേരിക്കൻ ഡോളറാണ് വില.
കടലിലെ ഡ്രോൺ ആക്രമണങ്ങളാണു റഷ്യയ്ക്കെതിരായ യുദ്ധത്തിൽ ഇപ്പോൾ യുക്രെയ്ന്റെ പ്രധാന തന്ത്രം. സീ ബേബി വിഭാഗത്തിൽ പെടുന്ന ഡ്രോണുകൾ കൂടാതെ ടൊലോക ടിഎൽകെ–150,
ടൊലോക ടിഎൽകെ–1000 എന്നീ കടൽ ഡ്രോണുകളും യുക്രെയ്നുണ്ട്. 50 കിലോഗ്രാം സ്ഫോടകവസ്തു വഹിക്കുന്നതാണ് ടിഎൽകെ–150. അതേസമയം 5000 കിലോഗ്രാമാണു ടിഎൽകെ–1000ന്റെ ശേഷി.
ഉക്രയിൻ പറയുന്നത് ശരിയാണെങ്കിൽ, ലോകത്ത് ആദ്യമായാണ് ഒരു മുങ്ങിക്കപ്പൽ ഇത്തരത്തിൽ ഡ്രോൺ ആക്രമണത്തിനിരയാകുന്നത്. റഷ്യൻ അധിനിവേശത്തിനു പിന്നാലെ രൂപകൽപന ചെയ്ത ഡ്രോൺ ആണ് ആക്രമണം നടത്തിയത്. ഉക്രൈൻ പുറത്ത് വിട്ട വീഡിയോയുടെ സ്ഥാനം തുറമുഖത്തിന്റെ മാപ്പുമായി ഒത്തുനോക്കി പ്രമുഖ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്.
നാവികസേനയുടെ കാര്യത്തിൽ റഷ്യയെ അപേക്ഷിച്ച് വളരെ പിന്നിലാണെങ്കിലും, യുക്രെയ്ൻ തദ്ദേശീയമായി നിർമ്മിച്ച കടൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് റഷ്യയുടെ കരിങ്കടൽ കപ്പൽവ്യൂഹത്തെ നിരന്തരം ആക്രമിക്കുകയും, അധിനിവേശ ക്രിമിയയിലെ സെവാസ്റ്റോ പോൾ പോലുള്ള പ്രധാന തുറമുഖങ്ങളിൽ നിന്ന് പിൻവാങ്ങാൻ റഷ്യൻ സേനയെ നിർബന്ധിക്കുകയും ചെയ്തിരുന്നു.
ഈ ആക്രമണങ്ങളെ തുടർന്നാണ് റഷ്യ തങ്ങളുടെ പല യുദ്ധക്കപ്പലുകളും ക്രിമിയയിൽ നിന്ന് റഷ്യയുടെ തെക്കൻ ഭാഗത്തുള്ള നോവോ റോസിയസ്കിലേക്ക് മാറ്റിയത്. ഈ ആക്രമണത്തിന് ഇരയായ ഡീസൽ-ഇലക്ട്രിക് മുങ്ങിക്കപ്പലും ഇത്തരത്തിൽ മാറ്റിയ കപ്പലുകളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.
നേരത്തെ ആഗസ്റ്റ് മാസത്തിൽ യുക്രെയിൻ നാവിക സേനയുടെ ഏറ്റവും വലിയ കപ്പൽ റഷ്യൻ നാവിക സേനയുടെ ഡ്രോൺ ആക്രണണത്തിൽ തകർന്നിരുന്നു. പത്ത് വർഷത്തിനിടെ യുക്രെയിനിൽ കമ്മീഷൻ ചെയ്ത് സിംഫെറോപോൾ എന്ന കപ്പലാണ് ആക്രമണത്തിൽ തകർത്തത്. റഷ്യൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഉക്രൈനിലെ ഒഡെസ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഡാന്യൂബ് നദിയുടെ തീരത്തിനടുത്താണ് കപ്പൽ തകർന്നതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവിച്ചു. റേഡിയോ, ഇലക്ട്രോണിക്, റഡാർ, ഒപ്റ്റിക്കൽ നിരീക്ഷണത്തിനായി ഡിസൈൻ ചെയ്ത ലഗുണ ക്ലാസിൽപ്പെടുന്ന കപ്പലാണിത്. ഡ്രോൺ സംവിധാനം ഉപയോഗിച്ച് യുക്രെയിൻ നാവിക കപ്പലിനെ ആക്രമിച്ച ആദ്യത്തെ സംഭവം കൂടിയായിരുന്നു അത്.













