ലൈംഗിക പീഡകരായ സൈനികരെ അറസ്റ്റ്ചെയ്തു; കോടതിയിലേക്ക് ഇരച്ചുകയറി ഇസ്റാഈലികള്‍
തടവില്‍ കഴിയുന്ന ഫലസ്തീനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ കുറ്റവാളികളായ സൈനികരെ അറസ്റ്റ്ചെയ്തതില്‍ പ്രതിഷേധിച്ച് പട്ടാളക്കോടതിയിലേക്ക് ഇരച്ചുകയറി ഇസ്റാഈലികള്‍.
ഗസ്സയില്‍നിന്ന് പിടികൂടി കുപ്രസിദ്ധ സദീ തൈമാന്‍ തടവറയില്‍ അടച്ച ഫലസ്തീനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സൈനികരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഉച്ചയോടെയാണ് തീവ്ര വലതുപക്ഷ ജൂതയുവാക്കള്‍ കോടതിയിലേക്ക് അതിക്രമിച്ച് കടന്നത്. ബെയ്ത് ലിദിലെ പട്ടാളക്കോടതിയിലേക്ക് ഏതാനും യുവാക്കള്‍ കൂട്ടത്തോടെ കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്റാഈലി റേഡിയോ പുറത്തുവിട്ടു. മുഖംമൂടി ധരിച്ച സൈനികരുള്‍പ്പെടെ 200 ഓളം പേരാണ് കോടതിയിലേക്ക് അതിക്രമിച്ചുകയറിയതെന്നും ഇവരെ തടയുന്നതില്‍ സുരക്ഷാ ഗാര്‍ഡുകള്‍ പരാജയപ്പെട്ടെന്നും ഇസ്റാഈലി മാധ്യമം ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു.