പട്ടാളഭരണത്തിനെതിരായ പ്രതിഷേധം ശക്തം: ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രി രാജിവെച്ചു
പട്ടാള ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രി കിം യോങ് ഹ്യുന്‍ രാജിവെച്ചു. രാജി അംഗീകരിച്ചതായി പ്രസിഡന്റ് യൂന്‍ സുക് യോള്‍ അറിയിച്ചിട്ടുണ്ട്. പകരക്കാരനായി സൗദി അറേബ്യയിലെ അംബാസഡര്‍ ചോയ് ബ്യുങ് ഹ്യുക്കിനെ നാമനിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
അതിനിടെ ഭരണ പ്രതിസന്ധി മറികടക്കാന്‍ പട്ടാള ഭരണം ഏര്‍പ്പെടുത്തിയ പ്രസിഡന്റ് യൂന്‍ സുക് യോളിനെ പുറത്താക്കാന്‍ ഇംപീച്ച്മെന്റ് നീക്കവുമായി പ്രതിപക്ഷം രംഗത്തെത്തി. പട്ടാളഭരണം ഏര്‍പ്പെടുത്തിയതിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്ന് ആറു മണിക്കൂറിനുള്ളില്‍ പ്രസിഡന്റ് സൈനിക നിയമം പിന്‍വലിച്ചു. ഇതിനു പിന്നാലെയാണ് പ്രസിഡന്റിനെതിരെ അടിയന്തര ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചത്.
പ്രസിഡന്റിനെ പുറത്താക്കാനുള്ള ഇംപീച്ച്മെന്റ് പ്രമേയം പാസ്സാകണമെങ്കില്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെയും ഭരണഘടനാബെഞ്ചില്‍ ആറു ജഡ്ജിമാരുടെയും പിന്തുണ വേണം. 300 അംഗ പാര്‍ലമെന്റില്‍ മുഖ്യപ്രതിപക്ഷവും ചെറു കക്ഷികളും ചേര്‍ന്ന് 192 അംഗങ്ങളാണുള്ളത്. ഭരണകക്ഷിയിലെ ചില അംഗങ്ങളും പ്രതിപക്ഷ നീക്കത്തെ പിന്തുണയ്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.