പാക് ചെക്പോസ്റ്റിൽ താലിബാൻ ആക്രമണം; 16 സൈനികർ കൊല്ലപ്പെട്ടു
പാകിസ്ഥാനിലെ ചെക്ക് പോസ്റ്റിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 16 പാക് സൈനികർ കൊല്ലപ്പെട്ടു. പാക് സൈനികരുടെ ആക്രമണത്തിൽ 8 തീവ്രവാദികളും കൊല്ലപ്പെട്ടതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തീവ്രവാദ ആക്രമണങ്ങൾ മേഖലയിൽ പതിവാകുന്നതിനിടെയാണ് ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണം. അഫ്ഗാനിസ്ഥാൻ അതിർത്തിയിലുള്ള തെക്കൻ വസിരിസ്ഥാൻ ജില്ലയിലെ മകീനിലെ ലിതാ സർ ചെക്ക് പോസ്റ്റിന് നേരെയാണ് തീവ്രവാദി ആക്രമണമുണ്ടായത്.
പാക് സൈന്യത്തിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഈ മേഖലയിൽ പതിവാണ്. സുരക്ഷാ ഉദ്യോഗസ്ഥരേയും സൈനികരേയും ചെക്ക് പോസ്റ്റുകളേയും ടിടിപി അടക്കമുള്ള തീവ്രവാദ സംഘടനകളാണ് ലക്ഷ്യമിടുന്നത്. സർക്കാർ ഓഫീസുകൾക്കെതിരായ ആക്രമണങ്ങൾക്ക് പുറമേയാണ് പാക് താലിബാന്റെ ഈ ആക്രമണങ്ങൾ.
ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാൻ ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വ്യത്യസ്ത സൈനിക നടപടികളിലായി 11 തീവ്രവാദികളെയാണ് പാകിസ്ഥാനിൽ സൈന്യം വധിച്ചത്. ഇതിനുള്ള പ്രത്യാക്രമണമാണ് സംഭവമെന്നാണ് ശനിയാഴ്ചത്തെ ആക്രമണമെന്നാണ് പാക് താലിബാൻ വിശദമാക്കുന്നത്.