താലിബാനെ വിചാരണ ചെയ്യണം: യു എന് സ്ഥാനപതി
സ്ത്രീകളുടെയും പെണ്കുട്ടികളുടെയും മനുഷ്യാവകാശങ്ങള് നിഷേധിക്കുന്ന അഫ്ഗാനിസ്ഥാനിലെ താലിബാന്റെ നേതാക്കളെ അന്താരാഷ്ട്ര ക്രിമിനല് കോടതിയില് വിചാരണ ചെയ്യണമെന്ന് യുഎൻ പ്രത്യേക സ്ഥാനപതി ഗോര്ഡൻ ബ്രൗണ്. താലിബാൻ ഭരണം പിടിച്ചെടുത്തതിന്റെ രണ്ടാം വാര്ഷികത്തോട് അനുബന്ധിച്ച് ഓണ്ലൈനായി നടത്തിയ വാര്ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സ്ത്രീകള്ക്ക് തൊഴില് ചെയ്യാനുള്ള അവകാശവും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കുന്നതും പെണ്കുട്ടികള്ക്ക് വിദ്യാഭ്യാസ അവകാശങ്ങള് നല്കാത്തതും സംബന്ധിച്ച വിവരങ്ങള് ഐസിസി പ്രോസിക്യൂട്ടര് കരിംഖാന് കൈമാറിയതായും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രികൂടിയായ ഗോര്ഡൻ പറഞ്ഞു. 2021 ആഗസ്തിലാണ് താലിബാൻ അഫ്ഗാനിൽ ഭരണം തിരിച്ചുപിടിച്ചത്. 20 വര്ഷത്തെ അധിനിവേശം അവസാനിപ്പിച്ച് അമേരിക്കയും സഖ്യസൈന്യവും രാജ്യം വിട്ടതോടെയാണ് താലിബാന് വീണ്ടും ഭരണത്തിലെത്തിയത്.