ടെലഗ്രാം സി.ഇ.ഒ. പാവെല്‍ ദുരോവ് ഫ്രാൻസില്‍ അറസ്റ്റില്‍

ടെലഗ്രാമിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ പാവെല്‍ ദുരോവ് ഫ്രാൻസില്‍ അറസ്റ്റില്‍. ലെ ബുർഗ്വേ വിമാനത്താവളത്തില്‍വെച്ചാണ് ദുരോവ് അറസ്റ്റിലായത്. അസർബൈജാനിലെ ബകുവില്‍നിന്ന് സ്വകാര്യ ജെറ്റില്‍ എത്തിയപ്പോഴാണ് അറസ്റ്റെന്നാണ് വിവരം.
ടെലഗ്രാം ആപ്പുമായി ബന്ധപ്പെട്ട് ഫ്രാൻസില്‍ പ്രാഥമികാന്വേഷണം നടക്കുന്ന കേസിലാണ് അറസ്റ്റെന്നാണ് സൂചന. ഞായറാഴ്ച കോടതിയില്‍ ഹാജരാവാനിരിക്കെയാണ് അറസ്റ്റ്.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാൻ നിയോഗിക്കപ്പെട്ട ഫ്രാൻസിലെ ഏജൻസിയായ ഒ.എഫ്.എം.ഐ.എൻ. ദുരോവിനെതിരെ അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചിരുന്നു. വഞ്ചന, മയക്കുമരുന്ന് കടത്ത്, സൈബർ ഇടത്തിലെ ഭീഷണിപ്പെടുത്തല്‍, സംഘടിത കുറ്റകൃത്യങ്ങള്‍, തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ദുരോവിനെതിരെ ചുമത്തപ്പെട്ടതെന്നാണ് സൂചന.