യുദ്ധത്തില്‍ മരണം 1500 കവിഞ്ഞു; ഗാസയില്‍ വൻ നാശനഷ്ടം

ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ മരണം 1500 കടന്നു. ഭക്ഷണവും വെള്ളവും കിട്ടാതെ ഗാസയിലെ ജനങ്ങള്‍ കൊടിയ ദുരിതത്തിലാണ്. മൂന്ന് ദിവസമായി തുടരുന്ന യുദ്ധത്തില്‍ ഗാസയില്‍ 700 പേര് കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 3500 ലേറെ പേര്‍ക്ക് പരുക്കുണ്ട്. 900ലേറെ ഇസ്രയേല്‍ സ്വദേശികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2600 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.
ശക്തമായ റോക്കറ്റാക്രമണത്തില്‍ ഗാസയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഹമാസിന്റെ ശക്തി കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഗാസ കടല്‍ തീരത്തിനടുത്ത് നിലയുറപ്പിച്ച നാവികസേനയും റോക്കറ്റാക്രമണം നടത്തുണ്ട്. കരയുദ്ധം തുടങ്ങുവാനായി ഒരുലക്ഷം ഇസ്രായേല്‍ സെെനികരാണ് അതിര്‍ത്തിയില്‍ അണിനിരന്നിരിക്കുന്നത്. ഗാസ പൂര്‍ണമായും പിടിച്ചെടുക്കാനാണ് ഇസ്രായേലിന്റെ നീക്കം. 3 ലക്ഷം സെെനികര്‍ യുദ്ധമുഖത്തുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.