ഇസ്രായേല്‍ – ഹമാസ് യുദ്ധം; പ്രശ്നപരിഹാരത്തിലേക്ക് അടുക്കുന്നുവെന്ന് ഹമാസ് നേതാവ്
ഇസ്രായേലുമായുള്ള യുദ്ധം അവസാനിക്കുന്നുവെന്ന സൂചന നല്കി ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ. എക്സില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ഇത്തരമൊരു അവകാശവാദം.
ഒക്ടോബര്‍ ഏഴിന് നടന്ന അക്രമത്തിന് പിന്നാലെ ബന്ദികളാക്കിയ 240 പേരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതായും ഹനിയ അറിയിച്ചു.
ഇതുവരെയുള്ള അക്രമത്തില്‍ 1200ല്‍ അധികം പേരെയാണ് ഹമാസ് കൊലപ്പെടുത്തിയത് . ഇതില്‍ ഭൂരിഭാഗവും ഇസ്രായേലി സിവിലിയൻസ് ആണ്. ഹമാസ് നടത്തിയ ആക്രമണത്തിനും തുടര്‍ന്നുള്ള തട്ടിക്കൊണ്ടുപോകലുകള്‍ക്കും തിരിച്ചടിയെന്നോണം ഇസ്രായേല്‍ പാലസ്തീനില്‍ കനത്ത ബോംബാക്രമണം നടത്തുകയും ചെയ്തു. ഹമാസിനെ പൂര്‍ണമായും തകര്‍ക്കുകയും ബന്ദികളെ മോചിപ്പിക്കുകയുമായിരുന്നു ഇസ്രായേലിന്റെ ലക്ഷ്യം.
ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നിരവധി കുട്ടികളുളള്പ്പെടെ 13,300 പേര് കൊല്ലപ്പെട്ടുവെന്നാണ് ഹമാസ് പറയുന്നത്. ഖത്തറിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ബന്ദികളെ മോചിപ്പിക്കുന്നത് സംബന്ധിച്ച് ഒരു ഉടമ്ബടിയിലേക്ക് ഇരുപക്ഷവും അടുക്കുന്നുവെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു.
അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് പകരമായി ബന്ദികളാക്കപ്പെട്ടവരെ വിട്ടയക്കുമെന്നതാണ് പ്രശ്നപരിഹാരത്തിന് തുടക്കമെന്ന രീതിയില്‍ ഉയരുന്ന ചര്‍ച്ചയെന്ന് വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു.