ദക്ഷിണ കൊറിയൻ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ; 26 പേർക്ക് ദാരുണാന്ത്യം

ദക്ഷിണ കൊറിയയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയിൽ 26 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പരിക്കേറ്റ 30 പേരിൽ എട്ട് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. 88,500 ഏക്കറോളം ഭൂമിയിലാണ് തീപടരുന്നത്. ഇത് ദക്ഷിണ കൊറിയൻ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണെന്ന് ദുരന്ത നിവാരണ മേധാവി ലീ ഹാൻ-ക്യുങ് പറഞ്ഞു. തീപിടിത്തമുണ്ടായ സ്ഥലത്ത് നിന്നും പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തിൻ്റെ തെക്കുകിഴക്കൻ മേഖലയിൽ മാർച്ച് 21 ന് ആരംഭിച്ച തീപിടുത്തം ശക്തമായ കാറ്റിനെ തുടർന്ന് വേഗത്തിൽ പടർന്നു കൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും 60 നും 70 നും ഇടയിൽ പ്രായമുള്ളവരാണെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറയുന്നു. ഉയിസോങ് നഗരത്തിലെ 1,300 വർഷം പഴക്കമുള്ള ഒരു ക്ഷേത്രം തീപിടുത്തത്തിൽ കത്തിനശിച്ചു. മറ്റ് സാംസ്കാരിക കേന്ദ്രങ്ങൾക്കും തീപിടിത്തം ഭീഷണി ഉയർത്തുന്നു.
ഉയിസോങ് കൗണ്ടിയിലെ പർവതപ്രദേശങ്ങളിലെ കാട്ടുതീ നിയന്ത്രിക്കാൻ സൈനിക ഹെലികോപ്റ്ററുകളെ വിന്യസിച്ചിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാൻ ആയിരക്കണക്കിന് അഗ്നിശമന സേനാംഗങ്ങളെയും സൈനികരെയും വിന്യസിച്ചിട്ടുണ്ടെന്ന് ഭരണകൂടം അറിയിച്ചു.