ലോകത്തിലെ ഏറ്റവും അപകടകാരിയായ ഭീകരൻ കൊല്ലപ്പെട്ടു; ഐസിസ് ഖലീഫയാകാൻ കാത്തിരുന്ന അബു ഖദീജയെ കൊന്നത് അമേരിക്ക- ഇറാഖ് സംയുക്ത സേന

ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് സിറിയ എന്ന ഐസിസ് സംഘത്തിന്റെ കമാന്‍ഡറും പ്രധാന നേതാവുമായ അബു ഖദീജ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇയാളുടെ കൂട്ടാളിയും കൊല്ലപ്പെട്ടു എന്നാണ് അറിയുന്നത്. അമേരിക്ക, ഇറാഖി-കുർദിഷ് സേനകളുടെ ഒരു സംയുക്ത ഓപ്പറേഷനിലാണ് ഐസിസ് തലവൻ കൊല്ലപ്പെട്ടതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനിയും ഈ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാഖി സുരക്ഷാ സേനയുടെയും അമേരിക്ക നയിക്കുന്ന സഖ്യത്തിന്റെയും ഓപ്പറേഷനെ ഇറാഖ് പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു.
ഇറാഖിലെയും, ഈ ലോകത്തിലെയും ഏറ്റവും അപകടകാരിയായ ഭീകരരിൽ ഒരാൾ എന്നാണ് അബു ഖദീജയെ അദ്ദേഹം വിശേഷിപ്പിച്ചത്. അബു ഖദീജയുടെ ഉന്മൂലനം ഇറാഖിന്റെ തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ നിർണായക വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബു ഖദീജ എന്നറിയപ്പെടുന്ന അബ്ദുല്ല മക്കി മുസ്ലെഹ് അൽ-റിഫായ് ഐഎസിന്റെ പ്രധാന നേതാവായിരുന്നു. ഐഎസിന്റെ ആഗോള നേതാവ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന, അതായത് ഖലീഫ എന്ന സ്ഥാനം കിട്ടേണ്ടിയിരുന്ന പ്രധാന നേതാവ് കൂടിയായിരുന്നു അബു ഖദീജ.
ഇറാഖിലെ പടിഞ്ഞാറൻ അൻബാർ പ്രവിശ്യയിൽ നടത്തിയ ഒരു വ്യോമാ ആക്രമണത്തിലൂടെയാണ് ഓപ്പറേഷൻ നടത്തിയതെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അസോസിയേറ്റഡ് പ്രസ്സിനോട് അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിൽ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുന്നതിനാൽ, സിറിയൻ വിദേശകാര്യ മന്ത്രി അസാസ് അൽ-ഷൈബാനിയുടെ ഇറാഖ് സന്ദർശനത്തോടനുബന്ധിച്ചാണ് വെള്ളിയാഴ്ച പ്രഖ്യാപനമുണ്ടായത്.
ഐസിസിന് എതിരായ പോരാട്ടത്തിൽ ഇറാഖുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ ഞങ്ങൾ തയ്യാറാണെന്നും സിറിയൻ വിദേശകാര്യ മന്ത്രി അറിയിച്ചു. വ്യാപാരം വർദ്ധിപ്പിക്കുന്നതിനും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുമായി ഇറാഖ്-സിറിയ അതിർത്തി വീണ്ടും തുറക്കേണ്ടതിന്റെ പ്രാധാന്യവും അൽ-ഷൈബാനി എടുത്തുപറഞ്ഞു. ഇറാഖുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു സിറിയൻ പ്രസിഡന്റ് ബഷർ അൽ-അസദ്. എന്നാൽ കഴിഞ്ഞ ഡിസംബർ മാസത്തിൽ അദ്ദേഹത്തെ അധികാരത്തിൽ നിന്നും പുറത്താക്കിയതിനെ ത്തുടർന്ന് ഇറാഖ് അതിർത്തി അടക്കുകയായിരുന്നു.
ഇറാഖിലും സിറിയയിലും ഉള്ള ഐഎസ് ഗ്രൂപ്പിന്റെ നേതൃത്വത്തിനും പ്രവര്‍ത്തനത്തിനും വലിയ തിരിച്ചടിയാണ് അബു ഖദീജയുടെ മരണം. നേരത്തെ 2023 ല്‍ അമേരിക്കയും അബു ഖദീജയെ ലക്ഷ്യം വച്ചിരുന്നു. ഐസിസിന്റെ സിറിയന്‍, ഇറാഖി പ്രവിശ്യകളുടെ ഗവര്‍ണറായിരുന്നു അബു ഖദീജയെന്നാണ് പറയുന്നത്.
സിറിയയിലെയും ഇറാഖിലെയും ദശലക്ഷക്കണക്കിന് ആളുകളുടെ മേല്‍ വര്‍ഷങ്ങളായി ഇസ്ലാമിക് സ്റ്റേറ്റ് കടുത്ത ഇസ്ലാമിക ഭരണം അടിച്ച് ഏൽപ്പിച്ചിരുന്നു. മിഡില്‍ ഈസ്റ്റ്, പശ്ചിമേഷ്യ, ഏഷ്യ എന്നിവിടങ്ങളില്‍ ഒരു തിരിച്ചുവരവിന് ഐസിസ് ശ്രമിക്കുകയായിരുന്നു എന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുന്‍ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍-ബാഗ്ദാദി 2014 ല്‍ ഇറാഖിന്റെയും സിറിയയുടെയും ഒരു ഭാഗം ഖിലാഫത്തായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് 2019 ല്‍ വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ അമേരിക്കയുടെ പ്രത്യേക സേന നടത്തിയ റെയ്ഡില്‍ അദ്ദേഹം കൊല്ലപ്പെടുകയും, അതോടെ സംഘം തളരുകയും ആയിരുന്നു.