ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്ക; ആശുപത്രിയിലെ ആക്രമണം മനുഷ്യത്വരഹിതം
2300 രോഗികൾ ഉള്ള ആശുപത്രിയിലേക്ക് ബുള്‍ഡോസറുകൾ കയറ്റി ഇസ്രായേൽ. അവിടെ ഇപ്പോൾ കറന്റും വെള്ളവും ജനറേറ്റർ പ്രവർത്തിക്കാൻ ആവശ്യമായ ഇന്ധനവും ഇല്ലാത്ത അവസ്ഥയാണ്. ഹമാസ് തങ്ങളുടെ ഒളിവ് താവളങ്ങളായി ആശുപത്രികൾ ഉപയോഗിക്കുന്നു എന്ന കാരണം പറഞ്ഞാണ് ബുൾഡോസർ കൊണ്ട് ഇസ്രായേൽ സൈന്യം ഷിഫാ ആശുപത്രി ഉഴുതു മറിച്ചത്. 36 നവജാതശിശുക്കളും ഷിഫാ ആശുപത്രിയിൽ ഉണ്ട്. ഇന്ധനമില്ലാതെ ഇങ്കുബേറ്ററുകൾ പ്രവർത്തനം നിലച്ചതോടെ ൩ കുഞ്ഞുങ്ങൾ കഴിഞ്ഞ ആഴ്ച മരിക്കുകയും ചെയ്തിരുന്നു. പലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് ബുള്‍ഡോസറുകൾ ആശുപത്രിയുടെ ഉള്ളിലേക്ക് കയറ്റിയ കാര്യം സ്ഥിരീകരിച്ചത്.
എന്നാൽ ഗാസയിലെ അല്‍ശിഫ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് അമേരിക്ക പറയുന്നുണ്ട്. ആശുപത്രി ആക്രമിച്ച് ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിന് അമേരിക്ക പച്ചക്കൊടി കാണിച്ചതായി ഹമാസ് ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യം നിഷേധിച്ച് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി മാധ്യമങ്ങളോട് സംസാരിച്ചത്.
‘ആശുപത്രിക്ക് വളയാനും സൈനിക ഓപറേഷൻ നടത്താനും ഇസ്രായേലിന് വാഷിംഗ്ടണ്‍ അനുമതി നല്‍കിയിട്ടില്ല. ഇത് ഇസ്രായേല്‍ ആസൂത്രണം ചെയ്യുന്ന സൈനിക നടപടികളാണ്. ആ നടപടിക്രമങ്ങളില്‍ അമേരിക്കക്ക് പങ്കില്ല. ആശുപത്രികള്‍ സംരക്ഷിക്കപ്പെടണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ആശുപത്രികള്‍ നേരെയുള്ള വ്യോമാക്രമണം ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. നിരപരാധികളായ സിവിലിയൻമാരും രോഗികളും മെഡിക്കല്‍ സ്റ്റാഫും വെടിവെപ്പിന് ഇരകളാകുന്നത് കാണാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’ -എന്നാണ് കിര്‍ബി പറയുന്നത്.
ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫക്കുനേരെയുള്ള ഇസ്രായേല്‍ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണെന്ന് ഹമാസ് നേരത്തെ പറഞ്ഞിരുന്നു. അല്‍ ശിഫ ആശുപത്രിക്ക് താഴെ ഹമാസിന്റെ കമാൻഡിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നു എന്ന ഇസ്രയേലിന്റെ അവകാശവാദം യു.എസ് രഹസ്യാന്വേഷണ വൃത്തങ്ങള്‍ ശരിവെക്കുന്നതായി വൈറ്റ് ഹൗസ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഹമാസിന്റെ പ്രസ്താവന വന്നത്. ഹമാസിന്റെ യാതൊരു വിധ സംഘവും ആശുപത്രികളിൽ പ്രവർത്തിക്കുന്നില്ല എന്ന് ഹമാസ് തീർത്തു പറയുന്നു. ഇക്കാര്യത്തില്‍ വ്യക്തത വേണമെങ്കില്‍ യു.എൻ നേതൃത്വത്തില്‍ അന്താരാഷ്ട്ര സമിതി രൂപീകരിച്ച് ഗസ്സയിലെ എല്ലാ ആശുപത്രികളും പരിശോധിക്കാമെന്നും ഹമാസ് പറയുന്നുണ്ട്.