ഇസ്രയേലിനുള്ള സൈനിക സഹായം വര്‍ധിപ്പിച്ച് അമേരിക്ക; കൂടുതല്‍ യുദ്ധകപ്പലുകളും യുദ്ധ വിമാനങ്ങളും അയയ്ക്കുമെന്ന് പെന്റഗണ്‍
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉത്തരവിട്ടതിന് പിന്നാലെ ഇസ്രയേലിനുള്ള സൈനിക സഹായം വർധിപ്പിച്ച് അമേരിക്ക.
ഇസ്രയേലിന് പിന്തുണ നല്‍കാനായി അമേരിക്ക കൂടുതല്‍ യുദ്ധകപ്പലുകളും യുദ്ധ വിമാനങ്ങളും അയയ്ക്കുമെന്ന് പെന്റഗണ്‍ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധമേഖലയില്‍ അമേരിക്കൻ സൈനിക സാന്നിധ്യം വർധിപ്പിക്കും എന്നുതന്നെയാണ് പെന്റഗണ്‍ നല്കുന്ന സൂചന.
ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മായീല്‍ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ മേഖലയില്‍ സംഘർഷാവസ്ഥ രൂക്ഷമായി നില്‍ക്കുന്നതിനിടയിലാണ് ഇസ്രയേലിനെ പിന്തുണയ്ക്കാൻ കൂടുതല്‍ സൈനിക വിന്യാസമുണ്ടാകുമെന്ന പെൻറഗണ്‍ പ്രഖ്യാപനമെത്തുന്നത്. ഇസ്മായീല്‍ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ രാജ്യത്ത് മൂന്ന് ദിവസത്തെ ദേശീയ ദുഖാചരണമാണ് ഇറാനില്‍ പ്രഖ്യാപിച്ചത്. ബുധനാഴ്ചയാണ് ഹമാസ് നേതാവ് ടെഹ്റാനില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഇറാൻ ആരോപിച്ചിരുന്നു. ഗാസയിലെ വെടിനിർത്തല്‍ ചർച്ചകളില്‍ അടക്കം നിർണായക പങ്കുവഹിച്ചിരുന്ന ഹമാസ് നേതാവായിരുന്നു 62കാരനായ ഇസ്മായീല്‍ ഹനിയ്യ. ഹിസ്ബുള്ള കമാൻഡർ ഫുവാദ് ശുക്ർ കൊല്ലപ്പെട്ടതായുള്ള ഇസ്രയേല്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇസ്മായീല്‍ ഹനിയ്യ കൊല്ലപ്പെടുന്നത്.
യുഎസ് സൈനിക സംരക്ഷണത്തിനും ഇസ്രയേല്‍ പ്രതിരോധത്തിന് ശക്തികൂട്ടാനും വിവിധ സാഹചര്യങ്ങളോട് പ്രതികരിക്കാൻ സജ്ജമായ രീതിയിലാണ് അമേരിക്കയുള്ളതെന്നാണ് പെന്റഗണ്റെ പ്രസ്താവന വിശദമാക്കുന്നത്.