റഷ്യൻ ആക്രമണത്തിൽ തകരുന്ന ഉക്രൈൻ; പ്രധാന നഗരങ്ങളെല്ലാം പിടിച്ചെടുക്കാനൊരുങ്ങി നിർണ്ണായക നീക്കവുമായി റഷ്യൻ സൈന്യം
റഷ്യയും ഉക്രൈനുമായുള്ള യുദ്ധത്തിൽ വലിയ മേന്നേറ്റം നടത്തിയിരിക്കുകയാണ് റഷ്യ. യുക്രൈൻ്റെ തന്ത്രപ്രധാന ഭാഗമായ കിഴക്കൻ നഗരമായ പൊക്രോവ്സ്ക് റഷ്യൻ സൈന്യം വളഞ്ഞു കഴിഞ്ഞു.
ഡൊണെറ്റ്സ്ക് മേഖലയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ഈ നഗരത്തിന്റെ ഇരുഭാഗത്തും റഷ്യ സൈനിക മുന്നേറ്റം നടത്തുകയാണ്. ഒരു വർഷത്തിലേറെ നീണ്ട പോരാട്ടത്തിനൊടുവിൽ സൈന്യം ഒടുവിൽ നിർണായക ഘട്ടത്തിൽ എത്തിയതായി റഷ്യ ഇന്നലെ പറയുകയും ചെയ്തു.
2024 പകുതി മുതൽ “ഡൊണെറ്റ്സ്കിലേക്കുള്ള കവാടം” എന്ന് വിളിക്കപ്പെടുന്ന പോക്രോവ്സ്ക് പിടിച്ചെടുക്കാൻ റഷ്യ ശ്രമിക്കുകയാണ്. യുക്രൈൻ പ്രവിശ്യയായ ഡൊണെറ്റ്സ്കിന്റെ മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് റഷ്യൻ സൈന്യം. യുക്രൈൻ – റഷ്യ യുദ്ധത്തിന് മുൻപ് 70,000 ആളുകൾ താമസിച്ചിരുന്ന ഈ നഗരം ഇന്ന് പൂർണമായും നശിപ്പിക്കപ്പെടുകയും ജനവാസമില്ലാത്ത സ്ഥലമായി മാറുകയും ചെയ്തു.
റഷ്യൻ സൈന്യത്തിൻ്റെ ശക്തമായ നീക്കത്തെ പ്രതിരോധിക്കുകയാണെന്ന് യുക്രൈൻ സൈനിക മേധാവി ഒലെക്സാണ്ടർ സിർസ്കി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിട്ടുണ്ട്. പോക്രോവ്സ്ക് ഇപ്പോഴും യുക്രൈൻ്റെ തന്റെ നിയന്ത്രണത്തിലാണ്. റഷ്യൻ സൈന്യത്തെ നശിപ്പിക്കാനും പുറത്താക്കാനുമുള്ള സമഗ്രമായ പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്.” – എന്നാണ് യുക്രൈൻ സൈനിക മേധാവി പറഞ്ഞത്.
അവ് ദിവ്ക നഗരം കീഴടക്കിയതിന്റെ ശേഷം യുക്രൈനിൽ റഷ്യ നേടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രദേശിക നേട്ടമായിരിക്കും പോക്രോവ്സ്ക് പിടിച്ചെടുക്കൽ. ഡൊണെറ്റ്സ്കിൽ ഇനിയും യുക്രെയ്ൻ നിയന്ത്രണത്തിലുള്ള പ്രധാന നഗരങ്ങളായ ക്രാംസ്റ്റോർസ്ക്, സ്ലൊവിയാൻസ്ക് എന്നിവ ലക്ഷ്യമിടുന്നതിൽ നിർണായകമാകും ഇപ്പോളത്തെ പൊക്രോവ്സ്ക് പിടിച്ചെടുക്കൽ.
വടക്കുകിഴക്കൻ ഭാഗത്തുള്ള പോക്രോവ്സ്കിന്റെയും കോസ്റ്റിയാന്റി നിവ്കയുടെയും നിയന്ത്രണം കയ്യിലാക്കിയാൽ, ഡൊനെറ്റ്സ്കിലെ അവശേഷിക്കുന്ന രണ്ട് വലിയ യുക്രൈൻ നഗരങ്ങളായ ക്രാമ റ്റോർസ്ക്, സ്ലോവിയൻസ്ക് എന്നിവ സ്വന്തമാക്കാൻ റഷ്യൻ സൈന്യത്തിന് എളുപ്പത്തിൽ സാധിക്കും.
സമീപ ദിവസങ്ങളിൽ പോക്രോവ്സ്ക് പ്രദേശത്ത് ഇരു വിഭാഗവും ആക്രമണം കടുപ്പിച്ചിരുന്നു. പോക്രോവ്സ്കിന്റെ തെക്കൻ ഭാഗങ്ങളിൽ റഷ്യൻ സൈന്യം നേരത്തെ പ്രവേശിക്കുകയും ചെയ്തിരുന്നു.
യുക്രൈൻ സൈന്യം പോക്രോവ്സ്കിൽ ആയുധങ്ങൾ താഴെ വച്ച് കീഴടങ്ങൽ ആരംഭിച്ചെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ സ്വെസ്ദ വാർത്താ ഏജൻസി ഇന്നലെ റിപ്പോർട്ട് ചെയ്തു. കീഴടങ്ങിയ യുക്രൈൻ സൈനികരുടെ വീഡിയോ പങ്കുവെക്കുകയും ചെയ്തു. എന്നാൽ വീഡിയോ സ്ഥിരീകരിക്കാനോ അത് എവിടെ, എപ്പോൾ ചിത്രീകരിച്ചുവെന്ന് നിർണയിക്കാനോ ഇതുവരെ സാധിച്ചിട്ടില്ല.
റഷ്യൻ മുന്നേറ്റം തടയാനുള്ള ദൗത്യത്തിൻ്റെ ഭാഗമായി പോക്രോവ്സ്കിൽ പ്രത്യേക സേനയുടെ ഒരു സംഘവുമായി ഒരു ഹെലികോപ്റ്റർ എത്തിയതായി യുക്രൈൻ അവകാശപ്പെടുന്നുണ്ട്. അതേസമയം യുക്രൈൻ പ്രത്യേക സേനാ സംഘത്തിലെ എല്ലാവരെയും തങ്ങൾ വധിച്ചു എന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം ശനിയാഴ്ച അറിയിച്ചത്.
ഏതാനും ദിവസം മുമ്പ് യുക്രൈനിന്റെ ആയുധ സംഭരണ ശാല റഷ്യയുടെ മിസൈലാക്രമണത്തില്‍ കത്തി ചാമ്പലായിരുന്നു. ഡൊണേറ്റ്സക്കിലെ നിരവധി ഗ്രാമങ്ങളും റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ യുക്രൈന് നല്കിയ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന ഒഡേസയിലെ ആയുധപ്പുരയാണ് മിസൈലാക്രമണത്തില്‍ തകര്‍ന്നത്. ഇസ്ക്കന്ദര്‍-എം ഇനത്തില്‍ പെട്ട മിസൈലുകള്‍ ഉപയോഗിച്ചാണ് റഷ്യന്‍ വ്യോമസേന ആയുധപ്പുര ആക്രമിച്ചത്.
യുക്രൈനിലെ പ്രമുഖ തുറമുഖനഗരമാണ് ഒഡേസ. ആയുധപ്പുര ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായും കനത്ത പുക കൊണ്ട് പരിസരപ്രദേശമാകെ മൂടിയിരിക്കുകയാണെന്നും ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.
യുക്രെയ്നിൽ നിന്ന് പിടിച്ചെടുത്ത് റഷ്യ തങ്ങളുടെ രാജ്യത്തോടു കൂട്ടിച്ചേർത്ത ഡൊണെറ്റ്സ്ക് മേഖലയിലെ പ്രധാന ലോജിസ്റ്റിക്സ് ഹബ്ബാണ് പൊക്രോവ്സ്ക്. പൊക്രോവ്സ്ക് പിടിച്ചെടുക്കുന്നതിനെ യുക്രെയ്ൻ യുദ്ധത്തിലെ നിർണായക മുന്നേറ്റമായാണ് റഷ്യ കാണുന്നത്.













