യുക്രൈന് 225 മില്യണ്‍ ഡോളറിന്റെ സഹായവുമായി അമേരിക്ക
യുക്രൈന് കൂടുതല്‍ സഹായം വാഗ്ദാനം ചെയ്ത് അമേരിക്ക. 225 മില്യണ്‍ ഡോളറിന്റെ സഹായമാണ് അമേരിക്ക വാഗ്ദാനം ചെയ്തത്. ഫ്രാൻസില്‍ വെച്ച് നടന്ന ബൈഡൻ – സെലൻസ്കി കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പ്രഖ്യാപനം.
ഫ്രാൻസിലെ നോർമണ്ടിയില്‍ ഡി ഡേ ലാൻഡിങ്ങന്റെ എണ്‍പതാം വാർഷിക അനുസ്മരണത്തിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും യുക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലൻസ്കിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത് . യുക്രൈനുള്ള സൈനിക സഹായം വൈകിയതില്‍ ക്ഷമ ചോദിച്ച ബൈഡൻ 225 മില്യൻ ഡോളറിന്റെ സഹായ പാക്കേജും പ്രഖ്യാപിച്ചു. വെടിക്കോപ്പുകളും വിമാനവേധ മിസൈലുകളും ഉള്‍പ്പെടുന്നതാണ് പുതിയ സഹായപാക്കേജ് . കോണ്‍ഗ്രസിലെ ചില റിപ്പബ്ലിക്കൻസ് കാരണമാണ് സൈനിക സഹായം വൈകിയതെന്ന് ബൈഡൻ പറഞ്ഞു. നേരത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും യുക്രൈന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. യുക്രൈനിലേക്ക് മിറാഷ് വിമാനങ്ങള്‍ അയക്കുമെന്നും പൈലറ്റുമാരെ പരിശീലിപ്പിക്കുമെന്നും മാക്രോണ്‍ പറഞ്ഞു.