വിക്കി ലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജ് ജയില് മോചിതനായി
ചാരവൃത്തി കേസില് ജയിലില് കഴിഞ്ഞിരുന്ന വിക്കി ലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജിന് ജാമ്യം ലഭിച്ചതായി വിക്കി ലീക്സ്.
അദ്ദേഹം ഓസ്ട്രേലിയയിലേയ്ക്ക് മടങ്ങിയതയായും വിക്കി ലീക്സിന്റെ അറിയിപ്പില് വ്യക്തമാക്കുന്നു. അഞ്ചുവർഷത്തോളം ജയിലില് ചെലവഴിച്ചശേഷമാണ് അസാഞ്ജ് മോചിതനാകുന്നത്.
ഓസ്ട്രേലിയൻ പൗരനായ അസാഞ്ജ് 2019 മുതല് ലണ്ടനിലെ ബെല്മാർഷ് ജയിലിലാണ്. യു.എസ്. സർക്കാരിന്റെ ആയിരക്കണക്കിനു രഹസ്യരേഖകള് ചോർത്തി തന്റെ വെബ്സൈറ്റായ വിക്കിലീക്സിലൂടെ പ്രസിദ്ധീകരിച്ചു എന്നതാണ് അസാഞ്ജിന്റെ പേരിലുള്ള കുറ്റം. ഇത് ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കി എന്നാണ് യു.എസിന്റെ ആരോപണം.
അഫ്ഗാനിസ്താനിലും ഇറാഖിലും അമേരിക്ക നടത്തിയ പ്രവർത്തനങ്ങള് സംബന്ധിച്ച രേഖകള് ചോർത്തി പുറത്തുവിട്ടതോടെയാണ് അസാഞ്ജ് ലോകശ്രദ്ധ നേടിയത്. 2010-ന്റെ അവസാനത്തോടെ മൂന്നുലക്ഷത്തിലധികം പേജുകള് വരുന്ന രേഖകളാണ് ഇപ്രകാരം വിക്കി ലീക്സ് പുറത്തുവിട്ടത്. അമേരിക്കൻ എംബസികള് വഴി ചാരപ്രവർത്തനം നടത്തിയെന്നത് അടക്കമുള്ള വിവരങ്ങളാണ് ഇങ്ങനെ പുറത്തുവന്നത്.
രഹസ്യരേഖകള് ചോർത്തി വിവേചനമില്ലാതെ പ്രസിദ്ധീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയെന്നും നിരപരാധികളുടെ ജീവൻ അപകടത്തിലാക്കിയെന്നുമാണ് അസാഞ്ജിനെതിരായ യു.എസ്. ആരോപണം.