ഏഥൻസില്‍ കാട്ടുതീ ; ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ഏഥൻസില്‍ കാട്ടുതീ പടരുന്നു. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. നിരവധി വീടുകള്‍ കത്തി നശിച്ചു.
ചരിത്രനഗരമായ മാരത്തോണില്‍ കാട്ടുതീയില്‍ വ്യാപകനാശം. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. രാജ്യം നേരിടുന്ന ഏറ്റവും രൂക്ഷമായ കാട്ടുതീ നിയന്ത്രിക്കാൻ നാല് യൂറോപ്യൻ രാജ്യങ്ങളാണ് ഗ്രീസിലേക്ക് സഹായം എത്തിക്കുമെന്ന് വിശദമാക്കിയിരിക്കുന്നത്.
പ്രാദേശികരായ 650 അഗ്നിരക്ഷാ പ്രവർത്തകരും 200ലേറെ അഗ്നിരക്ഷാ വാഹനങ്ങളും പന്ത്രണ്ടിലേറെ ഏരിയല്‍ ഫയർ ഫൈറ്റേഴ്സും ശ്രമിച്ചിട്ടും കാട്ടു തീ നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണ് ഇത്. ഇറ്റലി, ഫ്രാൻസ്, ചെക്ക് റിപ്പബ്ലിക്, റൊമേനിയ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാ പ്രവർത്തകർ ഗ്രീസിലേക്ക് വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഗ്രീസില്‍ കാട്ടുതീ പടർന്ന് പിടിച്ചത്. ഏഥൻസില്‍ നിന്ന് വെറും പത്ത് മൈല്‍ മാത്രം അകലെയുള്ള പെന്റെലിയിലാണ് കാട്ടുതീ പടർന്ന് പിടിച്ചിട്ടുള്ളത്. ഉഷ്ണ തരംഗം ശക്തമാവുന്നതിനിടയില്‍ കാട്ടുതീ പടർന്ന് പിടിക്കുന്നത് ഗ്രീസില്‍ പുതിയ കാര്യമല്ല. കഴിഞ്ഞ വർഷം മാത്രം 20 പേരാണ് രാജ്യത്തുണ്ടായ കാട്ടുതീയില്‍ കൊല്ലപ്പെട്ടത്.