കേരളത്തിലെ 131 ഗ്രാമങ്ങള്‍ പരിസ്ഥിതിലോലം; കെട്ടിടനിര്‍മാണത്തിനടക്കം നിയന്ത്രണങ്ങള്‍ വരും
ഉരുള്‍പൊട്ടല്‍ വൻദുരന്തത്തിനിടയാക്കിയ വയനാട്ടിലെ 13 വില്ലേജുകളടക്കം കേരളത്തിലെ 9993.7 ചതുരശ്രകിലോമീറ്റർ പ്രദേശം പരിസ്ഥിതിലോലമേഖലയായി ശുപാർശചെയ്ത് കേന്ദ്രസർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കി.
പശ്ചിമഘട്ടം കടന്നുപോകുന്ന കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്നാട് എന്നീ ആറുസംസ്ഥാനങ്ങളിലെ പരിസ്ഥിതിലോലപ്രദേശങ്ങളെക്കുറിച്ചുള്ള കരട് വിജ്ഞാപനമാണ് ജൂലായ് 31-ന് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം പുറത്തിറക്കിയത്.
കേരളത്തിലെ 12 ജില്ലകളിലെ 131 ഗ്രാമങ്ങള്‍ പട്ടികയിലുണ്ട്. വയനാട്ടിലെ മാനന്തവാടി, വൈത്തിരി എന്നീ താലക്കൂകളിലെ 13 വില്ലേജുകള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. ജനങ്ങള്‍ക്ക് 60 ദിവസത്തിനുള്ളില്‍ അഭിപ്രായങ്ങള്‍ അറിയിക്കാം. ഇതുകൂടി കണക്കിലെടുത്തായിരിക്കും അന്തിമവിജ്ഞാപനം.
പശ്ചിമഘട്ടസംരക്ഷണത്തിനായി ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശകളനുസരിച്ച് 2014-ല്‍ പുറത്തിറങ്ങിയ കരട് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ചാംവട്ടം വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ അഭിപ്രായവ്യത്യാസമുയർത്തിയതിനാലാണ് അന്തിമവിജ്ഞാപനം വൈകുന്നത്.