കടയിൽ നിന്ന് വാങ്ങിയ കൂൺ കഴിച്ചു; പാറശാലയിൽ 11കാരി ആശുപത്രിയിൽ
പാറശാലയിൽ കൂൺ കഴിച്ച 11 വയസ്സുകാരി ആശുപത്രിയിൽ. പവതിയാൻവിള സ്വദേശികളായ സനൽ, രതി ദമ്പതികളുടെ മകൾ അനന്യയാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം വാങ്ങിയ കൂൺ കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പാറശ്ശാല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം അനന്യയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാചകം ചെയ്ത കൂൺ രക്ഷിതാക്കളും കഴിച്ചിരുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം അമ്പൂരിയിലും കൂൺ കഴിച്ച ആറ് പേർ ആശുപത്രിയിലായി. കുമ്പച്ചൽക്കടവ് സ്വദേശി മോഹനൻ കാണിയും കുടുംബാംഗങ്ങളെയുമാണ് കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ രാവിലെ വനത്തിൽ നിന്ന് ശേഖരിച്ച കൂൺ പാചകം ചെയ്ത് കഴിച്ചതിന് ശേഷം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.












