വനിതാ നേതാവിനോട് മോശമായി പെരുമാറി, തൃശൂരിലെ സിപിഎം നേതാവ് ആബീദലിക്കെതിരെ നടപടി
വനിതാ നേതാവിനോട് മോശമായി പെരുമാറിയ നേതാവിനെതിരെ നടപടിയെടുക്കാൻ നിര്‍ബന്ധിതരായി സിപിഎം നേതൃത്വം. കൊടുങ്ങല്ലൂര്‍ ഏരിയാ സെക്രട്ടറി ആബിദലിയോടാണ് നടപടിയുടെ ഭാഗമായി നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാൻ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ നഗരസഭ മുൻ ചെയര്മാൻ കെ.ആര്.ജൈത്രന്‍ ഏരിയാ സെക്രട്ടറിയുടെ ചുമതല പകരമായി നല്‍കിയിട്ടുണ്ട്.
തന്നോട് ആബീദലി മോശമായി പെരുമാറിയതായി കാണിച്ച് ഒരു വനിതാ നേതാവ് നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടി എടുക്കാതെ സിപിഎം നേതൃത്വം ഒളിച്ചുകളിച്ചതോടെ മാദ്ധ്യമങ്ങളെ സമീപിക്കുമെന്ന് പരാതിക്കാരി നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്കി. ഇതിന് പിന്നാലെയാണ് അവധിയില്‍ പ്രവേശിക്കാൻ സിപിഎം ജില്ലാ നേതൃത്വം ആബീദലിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ചികിത്സാ കാര്യങ്ങള്‍ക്കായാണ് അവധിയില്‍ പ്രവേശിച്ചതെന്നാണ് ആബീദലി നല്കുന്ന വിശദീകരണം.
ഒരു മാസത്തിനിടെ തൃശൂര്‍ സിപിഎമ്മില്‍ ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണിത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്ന എൻ.വി വൈശാഖനോട് അവധിയില്‍ പ്രവേശിക്കാൻ സിപിഎം ആവശ്യപ്പെട്ടിരുന്നു. വൈശാഖനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നു മാറ്റുകയും ഏരിയാ കമ്മിറ്റിയില്‍ നിന്നും ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു.