വിഴിഞ്ഞം തുറമുഖം 2075 വരെ അദാനി നടത്തും, 2034 മുതല്‍ ലാഭവിഹിതം സര്‍ക്കാരിന് കിട്ടിത്തുടങ്ങും
ഏഷ്യയുടെ ചരക്കുഗതാഗതത്തിന്റെ ഹബ്ബായി വിഴിഞ്ഞം തുറമുഖം മാറാൻ ഇനി വർഷങ്ങളുടെ അകലംമാത്രം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനടുത്തുള്ള കൊളംബോ, സിങ്കപ്പൂർ തുറമുഖങ്ങളോട് മത്സരിക്കാനുള്ള ശേഷി കൈവരിക്കാൻ കഴിയുന്ന തരത്തില്‍ 2030-ഓടെ വിഴിഞ്ഞം സജ്ജമാകും.
പി.പി.പി. മാതൃകയില്‍ പണി പൂർത്തിയായ ആദ്യഘട്ടത്തില്‍ തുറമുഖനിർമാണത്തിനുമാത്രം ചെലവഴിച്ചത് 5552 കോടിരൂപ. പൂർണമായും ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി രൂപകല്പനചെയ്ത രാജ്യത്തെ ആദ്യത്തെ തുറമുഖമാണ് വിഴിഞ്ഞം.
അടുത്ത ഘട്ടത്തില്‍ തുറമുഖ വികസനത്തിനായിമാത്രം അദാനി ഗ്രൂപ്പ് 10,000 കോടി രൂപ മുടക്കും. നിലവില്‍ ഒരേസമയം, രണ്ട് കപ്പലുകള്‍ക്ക് അടുക്കാനാകുന്ന 800 മീറ്റർ ബെർത്താണ് നിലവിലുള്ളത്. അടുത്തഘട്ടത്തില്‍ അഞ്ചു വലിയ കപ്പലുകള്‍ക്ക് ഒരേസമയം ബെർത്ത് ചെയ്യാൻ പറ്റുന്ന സംവിധാനമാണ് ആവിഷ്കരിക്കുന്നത്. ഈ വർഷംതന്നെ രണ്ടുംമൂന്നുംഘട്ട പ്രവർത്തനങ്ങള്‍ തുടങ്ങുമെന്നും 2028-ല്‍ പ്രവർത്തനസജ്ജമാകുമെന്നുമാണ് അദാനി ഗ്രൂപ്പ് അറിയിച്ചത്. 2000 പേർക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഗ്രീൻ ഹൈഡ്രജൻ പദ്ധതിക്കുള്‍പ്പെടെ വൻ മുടക്കുമുതല്‍ വിഴിഞ്ഞത്ത് എത്തും. ലോജിസ്റ്റിക് ഹബ്ബ്, ട്രിവാൻഡ്രം ഔട്ടർ റിങ് റോഡ്, എട്ട് പ്രത്യേക സാമ്ബത്തിക മേഖലകള്‍ ഉള്‍പ്പെടെ ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ തുടങ്ങിയ പദ്ധതികളും വിഴിഞ്ഞത്ത് വരും.
തുറമുഖം 65 വർഷം അദാനിക്ക്
അടുത്ത രണ്ടുഘട്ടങ്ങളും പൂർത്തിയാകുന്നതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നടത്തിപ്പവകാശം 65 വർഷത്തേക്ക് അദാനി ഗ്രൂപ്പിലേക്ക് എത്തിച്ചേരും. കരാർപ്രകാരം 40 വർഷത്തേക്കാണ് തുറമുഖത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നല്‍കിയിരുന്നത്. സ്വന്തംനിലയില്‍ തുക മുടക്കി രണ്ടുംമൂന്നും ഘട്ടങ്ങള്‍ പൂർത്തിയാക്കിയാല്‍ നടത്തിപ്പവകാശം 20 വർഷത്തേക്കുകൂടി അദാനി ഗ്രൂപ്പിന് നല്‍കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.
ഓഖി, പ്രളയം തുടങ്ങിയ മനുഷ്യ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങള്‍മൂലമാണ് 2019-ല്‍ പൂർത്തിയാക്കേണ്ട പദ്ധതി വൈകിയതെന്ന അദാനി ഗ്രൂപ്പിന്റെ വാദം സർക്കാർ അംഗീകരിച്ചിരുന്നു. അതിനാല്‍ നിർമാണക്കാലയളവ് അഞ്ചുവർഷംകൂടി നീട്ടി നല്‍കിയിട്ടുമുണ്ട്. ഇതോടെ 2075 വരെ ആകെ 65 വർഷത്തേക്ക് തുറമുഖം അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാകും.
ലാഭവിഹിതം 2034 മുതല്‍
നിർമാണക്കാലയളവുള്‍പ്പെടെ 2034 വരെ ആദ്യത്തെ 15 വർഷം ലാഭവിഹിതം പൂർണമായും അദാനി ഗ്രൂപ്പിനാകും. 16-ാം വർഷം മുതല്‍ ഒരുശതമാനം വീതം ലാഭവിഹിതം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിഴിഞ്ഞം ഇന്റർനാഷണല്‍ സീ പോർട്ട് ലിമിറ്റഡിന് (വിസില്‍) നല്‍കും. ഇത് 40 വർഷം വരെ ഓരോ ശതമാനം വർധിച്ച് 25 ശതമാനം വരെയാകും.