വിഴിഞ്ഞത്ത് പ്രതിഷേധത്തെ തുടർന്ന് പൊലീസുമായി ഉന്തും തള്ളും
വിഴിഞ്ഞത്ത് ഇന്നും പ്രതിഷേധം. സമരക്കാർ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചു. ബാരിക്കേഡ് മറികടന്ന് സമരക്കാർ അകത്തേക്ക് കയറി. തടയാന്‍ ശ്രമിച്ച പൊലീസുമായി ഉന്തും തള്ളുമുണ്ടായി. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു.
പൊലീസിന് സംരക്ഷണം നൽകാനായില്ലെങ്കിൽ കേന്ദ്ര സേനയുടെ സഹായം തേടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തുറമുഖ നിർമാണ പ്രവർത്തനം തടസപ്പെടുത്തി പ്രതിഷേധിക്കാൻ സമരക്കാർക്ക് അവകാശമില്ലെന്നാണ് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നത്. സമാധാനപരമായി മാത്രമേ പ്രതിഷേധിക്കാവൂ, പദ്ധതി തടസപ്പെടുത്താനോ, പ്രദേശത്ത് അതിക്രമിച്ചു കയറുവാനോ പാടില്ലെന്നും കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നു. കോടതി നിര്‍ദേശം മറികടന്നാണ് ഇന്നും സമരക്കാര്‍ പ്രതിഷേധവുമായി എത്തിയത്. സമരം ശക്തമായി തുടരുമെന്നാണ് സമര സമിതിയുടെ നിലപാട്.