എകെജി സെൻ്ററിന് നേരേ ബോംബേറ്; പിന്നിൽ കോൺഗ്രസെന്ന് സിപിഐ എം
തിരുവനന്തപുരത്ത് സിപിഐ എമ്മിൻ്റെ സംസ്ഥാനക്കമ്മിറ്റി ഓഫീസായ എകെജി സെൻ്ററിന് നേരേ ബോംബേറ്. രാത്രി പതിനൊന്നരയോടെ എകെജി സെൻ്ററിൻ്റെ ഗേറ്റിന് മുന്നിലാണ് ബോംബെറിഞ്ഞത്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് സിപിഎം നേതാക്കൾ ആരോപിക്കുന്നു.
എകെജി സെൻ്ററിലെ ഓഫീസുകളെല്ലാം അടച്ച് എല്ലാവരും ഉറങ്ങിയതിന് ശേഷമായിരുന്നു ബോംബേറെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. AKG സെന്ററിന്റെ താഴത്തെ ഗേറ്റിലൂടെയാണ് ബോംബെറിഞ്ഞത്. പ്രധാന ഗേറ്റിന് സമീപമുണ്ടായിരുന്ന പോലീസും ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും ഓടി എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. ഗേറ്റിനടുത്തുള്ള കരിങ്കൽ ഭിത്തിയിൽത്തടിയാണ് ബോംബ് പൊട്ടിത്തെറിച്ചത്.
ഇത് ആസൂത്രിതമായ ആക്രമണമാണെന്നും കെ സുധാകരൻ്റെ സെമി കേഡർ സ്വഭാവത്തിൻ്റെ ഭാഗമാണിതെന്നും ഇപി ജയരാജൻ ആരോപിക്കുന്നു. ഇപ്പോൾ കോൺഗ്രസിന് പുതിയ കൂട്ടുകെട്ടാണുള്ളതെന്നും അതിത്തരം പ്രവർത്തനങ്ങൾക്ക് ശക്തിപകരുമെന്നും ജയരാജൻ ആരോപിച്ചു.
എകെജി സെൻ്ററിലെ സിസി ടിവി ക്യാമറകൾ പരിശോധിച്ച് വരികയാണ്. 11.25ന് സ്കൂട്ടറിലെത്തിയയാൾ ഗേറ്റിലേയ്ക്ക് ബോംബ് വലിച്ചെറിഞ്ഞ ശേഷം സ്കൂട്ടർ തിരിച്ച് പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.