കോണ്‍ഗ്രസ് ഓഫീസ് സിപിഐ അടിച്ചുതകര്‍ത്തു; ആലപ്പുഴയില്‍ 5 പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍
സിപിഐ – കോണ്‍ഗ്രസ് സംഘര്‍ഷത്തെ തുടര്‍ന്ന് ആലപ്പുഴയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍. ആലപ്പുഴയിലെ ചാരുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നൂറനാട്, പാലമേല്‍, ചുനക്കര, താമരക്കുളം, തഴക്കര എന്നീ പഞ്ചായത്തുകളിലാണ് ഇന്ന് ഹര്‍ത്താല്‍. ബുധനാഴ്ച്ച വൈകിട്ട് 4:30തോടെ ആയിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം.
കഴിഞ്ഞ ദിവസം ചാരുംമൂട് കോണ്‍ഗ്രസ് ഓഫീസിന് തൊട്ടടുത്ത് സിപിഐയുടെ കൊടിമരം സ്ഥാപിച്ചിരുന്നു. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുതിട്ടു. ഇത് പിന്നീട് സിപിഐ പ്രവര്‍ത്തകര്‍ മൂന്ന് മീറ്റര്‍ അകലേത്ത് മാറ്റി സ്ഥാപിച്ചിരുന്നു. എന്നാല്‍ ഓഫീസിന് സമീപത്ത് നിന്നും കൊടിമരം മാറ്റണമെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്. ഇതു സംബസിച്ച് നേതാക്കള്‍ ചെങ്ങന്നൂര്‍ ആര്‍ഡിഒയ്ക്ക് പരാതിയും നല്‍കിയിരുന്നു.
ബുധനാഴ്ച്ച വൈകിട്ട് കൊടിമരം നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൊടിമരം സംരക്ഷിക്കാന്‍ സിപിഐ പ്രവര്‍ത്തകരും സ്ഥലത്ത് നിലയുറപ്പിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. സ്ഥലത്തുണ്ടായിരുന്ന നൂറനാട് സിഐ സിപിഐ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടിമരം നീക്കം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി.
വടികളും മറ്റും ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടല്‍. രൂക്ഷമായ കല്ലേറും ഉണ്ടായി. ഇരുവിഭാഗത്തെയും പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശിയപ്പോള്‍ പോലീസിനു നേരെയും കല്ലേറുണ്ടായി. അടിപിടിയില്‍ 25 പ്രവര്‍ത്തകര്‍ക്കും നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തിന് പിന്നാലെയാണ് സ്ഥലത്തെ കോണ്‍ഗ്രസ് ഓഫീസ് സിപിഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്.
Content Highlight: Congress declares hartal in Alappuzha as CPI vandalise Congress office at Nooranad