സംസ്ഥാനത്ത് ഈ വര്ഷം പേവിഷ ബാധയേറ്റരെല്ലാം മരിച്ചു; സ്ഥിതി ഗുരുതരമെന്ന് വിദഗ്ദ്ധര്
സംസ്ഥാനത്ത് ഈ വര്ഷം പേവിഷബാധയേറ്റ ഒരാളെപ്പോലും രക്ഷിക്കാനായിട്ടില്ലെന്ന് റിപ്പോര്ട്ട്. കഴിഞ്ഞ 6 മാസത്തിനിടെ 13 പേര്ക്കാണ് പേവിഷബാധയേറ്റത്. ഈ 13 പേരും മരണം അടഞ്ഞു. ജൂണ് മാസത്തില് മാത്രം പേവിഷബാധ സ്ഥിരീകരിച്ച മൂന്ന് പേരും മരിച്ചു. മരണനിരക്ക് 100 ശതമാനമായതിനാല് ഗൗരവമുള്ള അന്വേഷണം വേണമെന്നാണ് ആവശ്യം.
മെയ്, ജൂണ് മാസങ്ങളിലാണ് പേവിഷ ബാധയേറ്റുള്ള മരണം കൂടുന്നത്. പേവിഷബാധയേറ്റാല് മരിക്കുമെന്ന നിലയില് സംസ്ഥാനത്തെ എത്തിച്ചതില് വിവിധ ഘടകങ്ങളുണ്ടാകാമെന്ന് വിദഗ്ദ്ധര് പറയുന്നു. മുഴുവന് വാക്സിനേഷനും എടുത്ത പെണ്കുട്ടി ഇന്നലെ മരണമടഞ്ഞതോടെ വാക്സിന് ഗുണമേന്മ പരിശോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വാക്സിന് സൂക്ഷിക്കുന്നത്, കൈകാര്യം ചെയ്യുന്നത്, കുത്തിവെയ്പ്പ് എന്നിവയിലും പരിശോധന വേണമെന്നും വാക്സിനെടുത്താലും പ്രതിരോധം രൂപപ്പെടാന് ഒരാഴ്ച്ച വരെ സമയമെടുക്കാം എന്നതുകൊണ്ട് അതുവരെ സുരക്ഷിതമായിരിക്കാന് ഇമ്യൂണോ ഗ്ലോബുലിന് പോലുള്ളവ നല്കിയിട്ടുണ്ടോ എന്നതും അന്വേഷിക്കണമെന്നും ആരോഗ്യ വിദഗ്ദ്ധര് ആവശ്യപ്പെടുന്നു.