മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണം തെളിയിക്കാൻ വെബ്സൈറ്റിൻ്റെ എഡിറ്റ് ഹിസ്റ്ററിയുമായി മാത്യു കുഴല്നാടന്
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ ആരോപണം തെളിയിക്കാൻ എക്സാലോജിക് കമ്പനിയുടെ എഡിറ്റ് ഹിസ്റ്ററിയുമായി മാത്യു കുഴല്നാടന് എംഎല്‍എ. താന്‍ വീണയെക്കുറിച്ച് നിയമസഭയില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കുഴല്നാടന് കൂട്ടിച്ചേര്‍ത്തു.
എക്സാലോജിക് സൊലൂഷൻസിന്റെ വെബ്സൈറ്റിൽ നൽകിയിരുന്ന പിഡബ്ല്യുസി ഡയറക്ടർ ജെയ്ക് ബാലകുമാറിനെക്കുറിച്ചുള്ള വിവരങ്ങൾ അപ്രത്യക്ഷമായതിൻ്റെ തെളിവുകളാണ് മാത്യു കുഴൽനാടൻ പുറത്തുവിട്ടത്. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ എക്സാ ലോജിക്കിന്റെ വെബ്സൈറ്റ് ലഭ്യമല്ലാതായെന്നും പിന്നീട് മാറ്റങ്ങള്‍ വരുത്തിയ ശേഷമാണ് സൈറ്റ് ലഭ്യമായതെന്നും മാത്യു കുഴല്നാടന് ആരോപിച്ചു. 2020 മേയില്‍ ലഭ്യമല്ലാതായ സൈറ്റ് പിന്നീട് ജൂണ്‍ മാസത്തിലാണ് പ്രത്യക്ഷപ്പെട്ടത്. ഇതിനുശേഷമാണ് ജെയ്ക് ബാലകുമാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ വൈബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായെന്നും കുഴല്നാടന് പറഞ്ഞു.
പിഡബ്ല്യുസി ഡയറക്ടര്‍ ജേയ്ക് ബാലകുമാര്‍ വീണവിജയന്റെ എക്സാലോജിക് എന്ന സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിരുന്നെന്നും ഇദ്ദേഹം വീണയുടെ മെന്റര്‍ ആയിരുന്നെന്നും എക്സാ ലോജികിന്റെ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നെന്നായിരുന്നു മാത്യു കുഴല്നാടന് നിയമസഭയില്‍ ആരോപിച്ചത്. പിന്നീട് വിവാദങ്ങളെ തുടര്‍ന്ന് വെബ്സൈറ്റിലെ പരാമര്‍ശം ഒഴിവാക്കിയെന്നും എംഎല്‍എ ആരോപിച്ചിരുന്നു.
മകളെക്കുറിച്ച് പറഞ്ഞതാണ് മുഖ്യന്ത്രിയെ ചൊടിപ്പിച്ചത്. മകളുടെ സ്വകാര്യതകളെക്കുറിച്ച് താൻ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും പറഞ്ഞ കാര്യത്തെക്കുറിച്ച് ഉത്തമ ബോധ്യമുണ്ടെന്നും കുഴല്നാടന് പറഞ്ഞു. പറഞ്ഞത് അസംബന്ധമാണ് എന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. സര്‍ക്കാരുമായി ബന്ധപ്പെട്ട് സ്പെയ്സ് പാര്‍ക്കില്‍ സ്വപ്ന സുരേഷിന്റെ നിയമനം നടത്തിയത് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് എന്ന കണ്‍സള്‍ട്ടന്‍സി കമ്പനിയാണ് എന്നത് നിഷേധിക്കാന്‍ സാധിക്കുമോയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
Content Highlight: Mathew Kuzhalnadan, Veena Vijayan, Jaik Balakumar, PWC, Exalogic