രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു, 11 പേര് ചികിത്സയില്‍

സംസ്ഥാനത്ത് രണ്ടുപേര്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പത്തുവയസ്സുകാരിക്കും, രാമനാട്ടുകരയിലെ 30 വയസ്സുള്ള സ്ത്രീക്കുമാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്.
ഇപ്പോൾ സംസ്ഥാനത്ത് പതിനൊന്ന് പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം വണ്ടൂര്‍ സ്വദേശിനി രോഗം ബാധിച്ച് മരിച്ചിരുന്നു. രോഗം പിടിപെട്ട താമരശ്ശേരി സ്വദേശിയായ ഏഴ് വയസുകാരന് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി വിടുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം വര്‍ധിച്ച സാഹചര്യത്തില്‍, രോഗം കണ്ടെത്തിയ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ക്ലോറിനേഷന് നടപടികളും ബോധവല്‍ക്കരണവും ശക്തമാക്കിയിട്ടുണ്ട്. ശുചീകരിക്കാത്ത വെള്ളത്തില്‍ നീന്തുകയോ മുങ്ങി കുളിക്കുകയോ ചെയ്യുമ്പോഴാണ് രോഗാണുക്കള്‍ തലച്ചോറില്‍ കൂടുതലായും എത്തുന്നത്.