മലയാളികൾക്ക് മറക്കാനാകാത്ത, കണ്ണുകളെ ഈറനണിയിച്ച സംഭവം; ദിൽഷാദിനെയും മുഹ്സിനയെയും ചേർത്ത് പിടിച്ച് വിനൂപ്

ഇപ്പോളും സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ കാണുന്ന ചില കുറിപ്പുകളുണ്ട്. പോലീസ് ഇൻസ്പെക്ടർ ആയിരുന്ന വിജയകൃഷ്ണനെ വെടി വെച്ച് കൊലപ്പെടുത്തിയ ഒരു സംഭവമാണത്. ആ സംഭവം മാത്രമല്ല, അതിന് ശേഷം നടന്ന ചില കാര്യങ്ങളാണ് വീണ്ടും ചർച്ചയാകുന്നത്.
2010 സെപ്റ്റംബർ 12 ന്, മലപ്പുറം ജില്ലയിലെ ചോക്കാട് പോലീസ് സ്റ്റേഷനിലെ വിജയകൃഷ്ണൻ എന്ന പോലീസ് സബ് ഇൻസ്പെക്ടറും, സംഘവും, മുജീബ് റഹ്മാൻ എന്ന പ്രതിയെ അറസ്റ്റ് ചെയ്യാൻ പോയതായിരുന്നു. പീഡനക്കേസിലെ ഈ പ്രതിയെ അറസ്റ്റ് ചെയ്യാനായി വീട്ടിലെത്തിയ കാളികാവ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പിപി വിജയകൃഷ്ണനെ മുജീബ് റഹ്മാൻ കയ്യിലുള്ള നാടൻ തോക്ക് ഉപയോഗിച്ച്, വെടിവെച്ച് കൊല്ലുകയായിരുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന് മുജീബ് റഹ്മാനെതിരെ കേസ് നിലവിലുണ്ടായിരുന്നു. കൊല്ലപ്പെട്ട സബ് ഇൻസ്പെക്ടർ വിജയകൃഷ്ണന് ഭാര്യയും രണ്ട് കുട്ടികളുമുണ്ടായിരുന്നു.
സംഭവത്തിന് ശേഷം പ്രതിയും കുടുംബവും കാടിനുള്ളിലേക്ക് ഓടിരക്ഷപ്പെട്ടിരുന്നു. സെപ്റ്റംബർ 12 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം നടന്നത്. അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പ്രതി ഭാര്യയെയും രണ്ടുമക്കളെയും കൂട്ടി ഓടി രക്ഷപ്പെട്ടത്.
ജില്ലാ കുടുംബ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് നടപ്പിലാക്കാൻ വേണ്ടിയാണ് പോലീസ് ഉദ്യോഗസ്ഥൻ പ്രതിയുടെ വീട്ടിൽ പോയത്. വെടിയേറ്റ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു.
പിന്നീട് പ്രതികളെ തേടി പോലീസ് കാറ്റിൽ തിരച്ചിൽ നടത്തിയപ്പോൾ മുജീബ്റഹ്മാന്റെയും ഭാര്യയുടെയും മൃതശരീരങ്ങളാണ് നിലമ്പൂര്‍ കാട്ടിനുള്ളില്‍ തിരച്ചിലില്‍ കണ്ടെത്തിയത്. ഭാര്യയെ വെടിവച്ച ശേഷം മുജീബ് ആത്മഹത്യ ചെയ്തതാണെന്ന് വടക്കൻ മേഖല പോലീസ് ഡയറക്ടർ ജനറൽ മഹേഷ് കുമാർ ഷിംഗ്ല അറിയിച്ചിരുന്നു.
ഭാര്യയും പത്തു വയസ്സായ ദില്‍ഷാദ് എന്ന മകനും നാലുവയസ്സുള്ള മുഹ്സിനയും അടങ്ങുന്നതാണ് മുജീബിന്റെ കുടുംബം. കാട്ടിൽ ഇവർ ഒരു രാത്രി മുഴുവനും ഒളിച്ചിരുന്നു. വിശന്നും ക്ഷീണിച്ചും തളര്‍ന്ന മക്കളോടു അവർ പറഞ്ഞത് നിങ്ങൾ വീട്ടിലേക്ക് പോകണം, നിങ്ങളെ മൂത്താപ്പ നോക്കുമെന്നാണ്. ഉമ്മയെയും ഉപ്പയെയും പിരിയാൻ മനസ്സില്ലെങ്കിലും, വേറെ നിവൃത്തിയില്ലാതെ ആയ കുട്ടികൾ വീട്ടിലേക്ക് പോയി. എന്നാൽ ഉടനെ തന്നെ രണ്ടു പ്രാവശ്യം അവർ വെടിയൊച്ച കേട്ടു. ഉപ്പയും ഉമ്മയും മരിച്ച് വീഴുന്നത് കണ്ട അവർ വീട്ടിലേക്ക് കരഞ്ഞ് കൊണ്ട് ഓടിപ്പോയി.
ആരുമില്ലാതെ ആയിപ്പോയ ആ കുട്ടികളെ പിന്നീട് കരുവാരക്കുണ്ട് ദാറുന്ന ജാത്ത് ഓര്‍ഫനേജ്
ഏറ്റെടുത്തു. പഠനവും ഭക്ഷണവും വസ്ത്രവും എല്ലാം അവർ ഏറ്റെടുത്തു. കുട്ടികൾ സ്കൂളിൽ പോയിത്തുടങ്ങി. എന്നാൽ ഇവർക്ക് സ്കൂൾ വെക്കേഷൻ ആകുമ്പോൾ പോകാൻ ഒരു വീട് ഇല്ലായിരുന്നു. കാടിന്റെ അടുത്തുള്ള ടാർപോളിൻ മേഞ്ഞ ഒരു ഷെഡ് ആയിരുന്നു അവർക്കുള്ളത്. അവിടേക്ക് പോകാനും അവർക്ക് പേടിയായിരുന്നു.
ആ സ്കൂളിലെ അധ്യാപകറം വിദ്യാർത്ഥികളും ചേർന്ന് ഇവർക്ക് ഒരു ചെറിയ വീട് വെക്കാൻ പണം പിരിക്കാൻ തുടങ്ങി. പെട്ടെന്ന് വേണ്ട, ഓരോ ദിവസവും കുറച്ച് പൈസ വീതം മാറ്റിവെക്കാനാണ് കുട്ടികളോട് പറഞ്ഞത്. ഒരു വര്‍ഷം കൊണ്ട് എത്ര പൈസ കിട്ടുമെന്ന് നോക്കാമെന്നും പറഞ്ഞു.
ആ സ്കൂളിലെ കുട്ടികൾ ചെലവുകൾ ചുരുക്കി ചില്ലറ പൈസകൾ സമ്പാദിക്കാൻ തുടങ്ങി. മിട്ടായി വാങ്ങുന്ന കാശും, ഐസ്ക്രീം വാങ്ങുന്നതും, പുസ്തകവും പേനയും വാങ്ങുമ്പോൾ ബാക്കി വരുന്ന ചില്ലറയും അവർ കൂട്ടി വെച്ചു.
അങ്ങനെ ഒരു വര്‍ഷം കഴിഞ്ഞ് ഇവരെല്ലാം ചേർന്ന ആ വലിയ കൂട്ടായ്മ, സ്വരുക്കൂട്ടിയ പണം കൊണ്ട് വീട് പണിയാൻ തീരുമാനിച്ചു. ഒരു ചെറിയ വീട് പെട്ടെന്ന് തന്നെ പണി തീർത്തു റെഡിയായി. ആ വീടിന്റെ പാലുകാച്ചൽ ചടങ്ങിന് ക്ഷണിയ്ക്കാനായി അധ്യാപകര്‍ മരണപ്പെട്ട എസ്.ഐ ജയകൃഷ്ണന്റെ വീട്ടിലെത്തി. ആ കുടുംബത്തിലെ നാഥനെ വെടിവെച്ച് കൊന്ന ആളുടെ മക്കൾക്കായുള്ള വീടിന്റെ താക്കോല്‍ദാന ചടങ്ങിലേക്ക് ആണ് ശോഭനയെയും രണ്ടു മക്കളെയും ക്ഷണിക്കുന്നത്.
താൻ പുറത്തൊന്നും പോകാറില്ലെന്ന് പറഞ്ഞ ശോഭന കണ്ണീരോടെ പറഞ്ഞത്, ആ കുട്ടികളോട് നന്നായി പഠിക്കാൻ പറയണം എന്നാണ്. അതിനായി കഴിയുന്ന സഹായം ചെയ്യാമെന്നും അവർ പറഞ്ഞു. ഞാന്‍ വരാത്തതിനു മക്കള്‍ക്കൊരു വിഷമം വേണ്ട. എന്റെ മകൻ വിനുവിനെ പറഞ്ഞയക്കാം എന്നുകൂടി അവർ പറഞ്ഞു.
വീടിന്റെ താക്കോല്‍ ദാന ചടങ്ങ് നടന്നത് ചെറിയൊരു സ്റ്റേജിലാണ്. സ്ഥലം എംഎൽഎ യും ഒക്കെ ഉണ്ടായിരുന്നു. വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങാന്‍ വേണ്ടി ദില്ഷാദിനെയും മുഹ്സിനയെയും ക്ഷണിച്ചു കൊണ്ടുള്ള അനൗൺസ്മെന്റ് മുഴങ്ങി. ദില്‍ഷാദും മുഹ്സിനയും എഴുന്നേറ്റ് ആ സ്റ്റേജിലേക്ക് കയറുമ്പോൾ ഒരാൾ കൂടി അവർക്കൊപ്പം എത്തി. മരണപ്പെട്ട എസ്.ഐ ജയകൃഷ്ണന്റെ മകൻ വിനൂപ് ആയിരുന്നു അത്. ദിൽഷാദിനെയും മുഹ്സിനയെയും തന്റെ ഇടത്തും വലത്തും ചേര്‍ത്തു ചേര്‍ത്തു പിടിച്ചു കൊണ്ട് ആ താക്കോല്‍ ഏറ്റുവാങ്ങി.
ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലി മരിക്കുന്നവരും , ചെറിയ കാര്യങ്ങളുടെ പേരിൽ മരണം വരെ വിദ്വേഷം കൊണ്ട് നടക്കുന്നവരും ഒക്കെ കാണേണ്ട, ഓർത്തിരിക്കേണ്ട ഒരു കാഴ്ചയായിരുന്നു അത്. അത്താണി നഷ്ടപ്പെട്ട രണ്ടു കുടുംബങ്ങളിലെ കുട്ടികൾ ഒന്നായി നിൽക്കുന്ന ഏറ്റവും മനോഹരമായ കാഴ്ച.