‘എന്റെ വാഹനത്തില്‍ ഏതു യൂത്ത് കോണ്‍ഗ്രസുകാരും കയറും’; പ്രതികളെന്ന് അറിയില്ലായിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
വ്യാജ ഐഡി കേസില്‍ അന്വേഷണം തന്നിലേക്ക് എത്തിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍.
‘പൊലീസ് കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നോട്ടീസ് കേരള പൊലീസ് കൊടുത്തിട്ടുണ്ടോ?. എന്റെ വാഹനം ഈ നാട്ടിലെ എല്ലാ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും വേണ്ടിയിട്ടുള്ള വാഹനമാണ്. ആ വാഹനത്തില്‍ ഏതു യൂത്ത് കോണ്‍ഗ്രസുകാരും കയറും.’
‘എന്നാല്‍ ഈ കേസില്‍ കുറ്റവാളികളായിട്ടോ, കുറ്റാരോപിതരായിട്ടോ പൊലീസ് ചമയ്ക്കുന്ന എഫ്ഐആറില്‍ അവരെ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നെങ്കില്‍ അത്തരത്തില്‍ ഒരു സംഭവം ഉണ്ടാകില്ല. ഈ കേസില്‍ വിശദമായ വിവരം വരട്ടെ. അവര്‍ കുറ്റവാളികളാണെങ്കില്‍ നിര്‍ബന്ധമായും തള്ളിപ്പറയും.’
‘ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ ഹാജരാകും. സാധാരണ ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ കണ്ണൂരിലെ നേതാക്കള്‍ നെഞ്ചുവേദനയായിട്ട് സ്ട്രെക്ചറിലൊക്കെ പോകുന്ന കാഴ്ചയാണ് കണ്ടിട്ടുള്ളത്. എന്നാല്‍ ഞാന്‍ വളരെ ഊര്ജ്ജസ്വലനായിട്ടുതന്നെ നടന്ന്, ഈ അന്വേഷണസംഘം വിളിക്കുന്ന ഏതു സ്ഥലത്തേക്കും പോകും. അതിന് ഒരു കൂഴപ്പവുമില്ലെന്നും’ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ഐഡി കാര്‍ഡ് കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട സ്വദേശികളായ നാലു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഫെനി, ബിനില്‍ ബിനു എന്നിവരെ തൈക്കാടു നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തിന്റെ കാറില്‍ സഞ്ചരിക്കുമ്ബോഴാണ് ഇവര്‍ പിടിയിലാകുന്നതെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.