സഫലമായത് അര്ജുന്റെകൂടി ആഗ്രഹം; കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചു
ഭർത്താവിന്റെ ഏറ്റവും വലിയ ആഗ്രഹം പൂവണിഞ്ഞപ്പോള്‍ കണ്ണീരണിഞ്ഞ് കൃഷ്ണപ്രിയ. കർണാടകയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുന്റെ കുടുംബത്തിന് ആശ്വാസമായി വേങ്ങേരി സർവിസ് കോഓപറേറ്റിവ് ബാങ്ക് നല്കിയ ജോലി സ്വീകരിച്ച ഭാര്യ കൃഷ്ണപ്രിയക്ക് വേദന അടക്കിനിർത്താനായില്ല.
ഒന്നരമാസക്കാലം എല്ലാ വേദനകളും ഉള്ളിലൊതുക്കി മറ്റുള്ളവരുടെ മുന്നില്‍ കണ്ണുനനക്കാതെ നിന്ന കൃഷ്ണപ്രിയക്ക് തിങ്കളാഴ്ച രാവിലെ ജോലിയില്‍ പ്രവേശിക്കാനുള്ള ഒപ്പുവെക്കലിനുശേഷം സങ്കടം പിടിച്ചുനിർത്താനായില്ല. മാധ്യമങ്ങള്‍ക്കുമുന്നില്‍ അവർ വിതുമ്ബി.
വേങ്ങേരി സർവിസ് സഹകരണ ബാങ്കിന്റെ തടമ്ബാട്ടുതാഴം ഹെഡ് ഓഫിസില്‍ ജൂനിയർ ക്ലർക്ക്/കാഷ്യർ തസ്തികയിലാണ് നിയമനം. കൃഷ്ണപ്രിയയെ അർജുൻ വിവാഹം കഴിച്ചത് മൂന്നര വർഷം മുമ്ബായിരുന്നു. ഭാര്യക്ക് സർക്കാർ ജോലി വേണമെന്ന നിർബന്ധമായിരുന്നു അർജുന്. പി.ജി വിദ്യാർഥിയായിരുന്ന കൃഷ്ണപ്രിയയെ സർക്കാർ ജോലിക്കുള്ള പരിശീലനത്തിന് നിർബന്ധിക്കാറുണ്ടായിരുന്നെങ്കിലും രണ്ടര വയസ്സുള്ള മകൻ അയൻ കുറച്ചുകൂടി മുതിർന്നശേഷം മതിയെന്നുപറഞ്ഞ് കൃഷ്ണപ്രിയ തടസ്സം നില്‍ക്കുകയായിരുന്നു. കഠിനാധ്വാനിയായ അർജുൻ പ്ലസ്ടുവിന് പഠിച്ചുകൊണ്ടിരിക്കെ തന്നെ തുണിക്കടയില്‍ ജോലിചെയ്തിരുന്നു. പിന്നീട് പെയിന്റിങ് ജോലിയും ചെയ്തു. തുടർന്നാണ് ഡ്രൈവറായത്. തനിക്ക് പഠിക്കാനുള്ള അവസരം നഷ്ടമായെങ്കിലും അതിന്റെ ഖേദം തീർത്തത് കൃഷ്ണപ്രിയയെ സർക്കാർ ജോലിക്കുവേണ്ടി പ്രോത്സാഹിപ്പിച്ചും ഒപ്പംനിന്നുമാണ്.
വർഷങ്ങളായി ബാങ്കിലെ മെംബർമാരായ അർജുന്റെ കുടുംബവുമായുള്ള ബന്ധം തുടരാനാണ് ഭരണസമിതി ജോലി നല്കാൻ തീരുമാനിച്ചത്.