മത്തിയുടെ ലഭ്യത കുറഞ്ഞു ; ചെറുകിട വ്യാപാരികൾക്ക് കനത്ത നഷ്ടം
കേരളത്തിൽ മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ പഠന റിപ്പോർട്ട്. കഴിഞ്ഞ വർഷം 3,297 ടൺ മത്തിയാണ് സംസ്ഥാനത്തിന് ലഭിച്ചത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 70 ശതമാനം കുറവാണ്. 1994ന് ശേഷമുള്ള ഏറ്റവും വലിയ ലഭ്യത കുറവാണിത്. വാർഷിക ശരാശരിയേക്കാൾ 98 ശതമാനമാണ് കുറവുണ്ടായത്.സി എം എഫ് ആര് ഐ യില്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എന്‍ അശ്വതിയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് കണക്കുകൾ അവതരിപ്പിച്ചത്.
2021ൽ കേരളത്തിലെ ആകെ സമുദ്രമത്സ്യ ലഭ്യത 5.55 ലക്ഷം ടണ്ണാണ്. കോവിഡ് കാരണം മീന്‍പിടിത്തം വളരെ കുറഞ്ഞ 2020 നേക്കാൾ 54 ശതമാനം വർധനവാണ് ആകെ ലഭ്യതയിലുള്ളത്. 2020ൽ ഇത് 3.6 ലക്ഷം ടണ്ണായിരുന്നു. കഴിഞ്ഞ വർഷം കേരളത്തിൽ ഏറ്റവും പിടിക്കപ്പെട്ട മത്സ്യം മറ്റിനം ചാളകൾ എന്ന് വിളിക്കപ്പെടുന്ന ലെസർ സാർഡിനാണ്, 65,326 ടൺ ആയിരുന്നു. രണ്ടും മൂന്നും സ്ഥാനങ്ങളിൽ അയലയും തിരിയാനുമാണ്. ചാള, മുള്ളൻ, മണങ്ങ്, ആവോലി എന്നീ മത്സ്യങ്ങൾ കുറഞ്ഞപ്പോൾ കൂന്തൽ, ചെമ്മീൻ, കിളിമീൻ എന്നിവയുടെ ലഭ്യത കൂടിയെന്ന് സിഎംഎഫ്ആര്‍ഐയില്‍ നടന്ന ശില്പശാലയില് അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
മത്തിയുടെ കുറവുമൂലം നഷ്ടം വരുന്നത് മത്സ്യബന്ധനം നടത്തുന്ന ചെറുകിട മൽസ്യത്തൊഴിലാളികൾക്കാണ്. മറ്റു മീനുകളുടെ ലഭ്യത കൂടുതൽ ഉണ്ടെങ്കിലും മത്തിയുടെ കുറവ് കാരണം ഇവരുടെ ഇക്കാലത്തെ വാർഷിക വരുമാനം 3.35 ലക്ഷം രൂപയിൽ നിന്നും 9,0262 രൂപയായി കുറഞ്ഞു.
237 ദിവസത്തിൽ നിന്നും 140 ദിവസമായി കടലിൽ പോകുന്ന ഇവരുടെ പ്രവൃത്തി ദിവസങ്ങൾ കുറഞ്ഞുവെന്നും പഠനം പറയുന്നു.
Content Highlights – Sardine fish, availability has decreased