അട്ടപ്പാടി മധു വധക്കേസില്‍ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി
അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളായ 12 പേരുടെ ജാമ്യം റദ്ദാക്കി. മണ്ണാര്‍ക്കാട് എസ്.സി- എസ്.ടി കോടതിയുടേതാണ് നടപടി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നതായി പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയിരുന്നു.
ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചതിനാണ് പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയത്. കേസിലെ പ്രധാന സാക്ഷികള്‍ ഉള്‍പ്പെടെ 13 പേര് കേസില്‍ കൂറുമാറിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന് ഹര്‍ജി നല്‍കിയിരുന്നു.
മധു വധക്കേസില്‍ തുടക്കം മുതലേ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയിരുന്നു. പല സാക്ഷികളും കോടതിയിലെ വിസ്താരത്തിനിടെ മൊഴി മാറ്റിപ്പറഞ്ഞു. ഇതോടെയാണ് പ്രതികള്‍ക്കെതിരേ പ്രോസിക്യൂഷന് നീക്കം ആരംഭിച്ചത്. പ്രതികളിലൊരാള്‍ 63 തവണ സാക്ഷികളെ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളടക്കം പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് കോടതിയെ സമീപിക്കുകയായിരുന്നു.
കേസില്‍ ആകെ 16 പ്രതികളാണുള്ളത്. ഇതില്‍ 12 പേര്‍ക്കെതിരെയാണ് പ്രോസിക്യൂഷന് കോടതിയെ സമീപിച്ചത്. 2018 മെയ് മാസത്തില്‍ ഹൈക്കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നതടക്കമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം. എന്നാല്‍ പ്രതികള്‍ ഈ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
Content Highlights – Bail of 12 accused in Attapadi Madhu murder case cancelled