”ചങ്ങാത്തത്തില്‍ ജാഗ്രതവേണം”:പോലീസിന് മുഖ്യമന്ത്രിയുടെ ഉപദേശം
ആരോട് ചങ്ങാത്തം വേണമെന്നും വേണ്ടെന്നുമുള്ള കാര്യത്തില്‍ ജാഗ്രതവേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാമവർമപുരം പോലീസ് അക്കാദമിയില്‍, പരിശീലനം പൂർത്തിയാക്കിയ 448 സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചശേഷം പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചെയ്യേണ്ടതും ചെയ്യരുതാത്തതും തിരിച്ചറിയണം. പരാതിയുമായി സ്റ്റേഷനില്‍ വരുന്നവർക്ക്, പരിഹാരമായി എന്ന ആത്മവിശ്വാസത്തോടെ തിരിച്ചുപോകാൻ സാധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരള പോലീസ് ജനകീയ സേനയായി മാറി. ഇതിന്റെ മുഖങ്ങളാകാൻ പരിശീലനം പൂർത്തിയാക്കിയവർക്ക് സാധിക്കണം. പോലീസില്‍ വനിതാ പങ്കാളിത്തം വർധിപ്പിക്കാനുള്ള ബോധപൂർവമായ ഇടപെടലിന്റെ ഭാഗമാണ് വനിതാബറ്റാലിയൻ. കൂടുതല്‍ വനിതകളെ സേനയിലേക്ക് എടുക്കും. ഇവർക്ക് സേനയ്ക്കുള്ളില്‍ മികച്ച അവസരങ്ങളും നല്‍കും.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1,308 വനിതകളെ സേനയില്‍ എടുത്തു. ഈ സർക്കാർ ഇതുവരെ 1,213 വനിതകള്‍ക്ക് സേനയില്‍ നിയമനം നല്കി. മികച്ച പരിശീലനം പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്താൻ സഹായിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.