പണം വാങ്ങി മേയറാക്കുന്നു, സഭ പറഞ്ഞവരെ മേയറാക്കുന്നു; മികച്ച വിജയം നേടിയിട്ടും നാണം കെടുന്ന കോൺഗ്രസ്സ് പാർട്ടി
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാഷ്ട്രീയ വിവാദങ്ങളും കൊഴുക്കുകയാണ്. പല കോർപ്പറേഷനിലും നഗരസഭയിലും കോൺഗ്രസ്സ് മികച്ച വിജയത്തോടെ ഭരണം തിരികെ പിടിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഈ വിജയങ്ങൾക്കൊപ്പം കോൺഗ്രസ്സ് എന്ന പാർട്ടിയുടെ ദൗർബല്യങ്ങളും കെട്ടുറപ്പ് ഇല്ലായ്മയും മറനീക്കി പുറത്ത് വരുകയും ചെയ്തു. അതിൽ ഏറ്റവും പുതിയത് പണം വാങ്ങിക്കൊണ്ട് തൃശൂരിലെ മേയർ സ്ഥാനം കോൺഗ്രസ് വിറ്റു എന്നതാണ്. അത് പറഞ്ഞത് എതിരാളികൾ ആരുമല്ല. അത് പറയുന്നത് കോൺഗ്രസിന്റെ കൗൺസിലറായ ലാലി ജയിംസ് തന്നെയാണ്.
അതേപോലെ വോട്ടുചെയ്ത വിജയിപ്പിച്ച എല്ലാവരെയും പരിഹസിച്ച് കൊണ്ട് കൊച്ചി കോർപ്പറേഷനിൽ മേയറെ തെരഞ്ഞെടുത്തത് ക്രിസ്ത്യൻ സഭകളാണ്. കോട്ടയത്തെ പാലാ നഗരസഭയിൽ പുളിക്കകണ്ടം ഫാമിലിയാണ് കോൺഗ്രസ്സിനെ വരച്ച വരയിൽ നിർത്തിയത്.
തൃശൂരിൽ പാർട്ടി നേതൃത്വത്തിനെതിരേ വിമർശനം ഉന്നയിച്ച കൗൺസിലർ ലാലി ജെയിംസിനെ കോൺഗ്രസ്സ് സസ്പെൻഡ് ചെയ്തിരുന്നു. തൃശ്ശൂർ കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പിൽ തന്നെ ഒഴിവാക്കിയതിന് എതിരേയായിരുന്നു ലാലിയുടെ വിമർശനം. ഡിസിസി പ്രസിഡന്റ് പണംവാങ്ങിയാണ് മേയർ സ്ഥാനം നൽകിയത് എന്നായിരുന്നു ലാലി പറഞ്ഞത്. മുതിർന്ന നേതാവായ കെ.സി. വേണുഗോപാൽ ഈ കാര്യത്തിൽ ഇടപെട്ടുവെന്നും ലാലി ആരോപിച്ചിരുന്നു. തുടർന്ന്, ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെപിസിസി ആണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
ഡോ.നിജി ജസ്റ്റിനെ മേയറായി കോൺഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ലാലി വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്. ചിലർ പണപ്പെട്ടിയുമായി നേതാക്കളെ പോയി കണ്ടെന്നും, പണം ഇല്ലാത്തതിനാലാണ് തന്നെ തഴഞ്ഞതെന്നും ലാലി പറഞ്ഞു.
അതേസമയം ലാലി ഉയർത്തിയ ആരോപണങ്ങളും വിമർശനങ്ങളും കോൺഗ്രസ് നേതൃത്വവും നിജി ജസ്റ്റിനും തള്ളി. ലാലിക്കുള്ള മറുപടി നേതൃത്വം നൽകുമെന്നും അവർ വ്യക്തമാക്കി.വിവാദങ്ങളെല്ലാം നേരിട്ട് തന്നെയാണ് താനും വന്നത്. 28 വർഷമായി പാർട്ടി പ്രവർത്തകയാണ്. സ്ഥാനമാനങ്ങൾ വരും പോകും. ലാലിയോട് ഒന്നും പറയാൻ ഇല്ല. പറയേണ്ടത് പാർട്ടി പറയുമെന്നാണ് നിജി പറഞ്ഞത്.
ഇന്നലെ ലാലി പറഞ്ഞത് ‘എന്നെ അച്ചടക്കം പഠിക്കാൻ വരുന്നവരെ അച്ചടക്കം പഠിക്കാനുള്ള വഴി എന്റെ കൈയിലുണ്ട്. ദീര്‍ഘകാലം പ്രതിപക്ഷനേതാവായിരുന്നു രാജൻ പല്ലന്റെ കാര്യങ്ങൾ അടക്കം കൂടുതൽ വെളിപ്പെടുത്തൽ നടത്തും.രാജൻ പല്ലൻ സ്വന്തം ഉയർച്ചക്കാണ് നിൽക്കുന്നത്. പാർട്ടിക്ക് വേണ്ടിയല്ല. അദ്ദേഹത്തെ നിയമസഭാ സീറ്റിൽ മത്സരിപ്പിക്കാൻ എന്നെ ബലിയാടാക്കുകയും എന്നെ മാറ്റി നിർത്തുകയും ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.
എനിക്കെതിരെ അച്ചടക്ക നടപടിയുമായി വന്നാൽ പാർട്ടിക്കെതിരെയുള്ള വെളിപ്പെടുത്തൽ എന്റെ കൈയിലുണ്ട്. ദീപാദാസ് മുൻഷിയും ,കെ.സി വേണുഗോപാലും തൃശൂരിലെ മേയറെ നിശ്ചയിച്ച് കൊടുക്കുകയാണെങ്കിൽ താഴെ തട്ടിൽ പണിയെടുത്തവരുടെ ചെകിടത്ത് അടിക്കുന്നതിന് തുല്യമല്ലേ.. മേയർ സ്ഥാനാർഥിക്കുള്ള വോട്ട് കോൺഗ്രസിനുള്ള വോട്ടാണ്. കേവലം നാലഞ്ച് പേരടങ്ങിയതല്ല പാർട്ടി. എനിക്ക് പാർട്ടിയോട് സ്നേഹമുണ്ട്, അതുകൊണ്ട് ഞാൻ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നു എന്നും ലാലി പറഞ്ഞു.
മേയർ ആക്കാൻ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് തന്നോട് പണം ചോദിച്ചെന്ന് ലാലി പറഞ്ഞിരുന്നു. പാർട്ടിക്കു വേണ്ടിയാണ് ഡിസിസി പ്രസിഡന്റ് പണം ചോദിച്ചത് , വ്യക്തിപരമായി അല്ല. തന്റെ കയ്യിൽ പണമില്ല എന്ന് പറഞ്ഞതോടെ, അവർ നിജി ജസ്റ്റിന്റെ പിന്നാലെ പോയെന്നാണ് ലാലി പറയുന്നത്.
എന്നാൽ ഈ ആരോപണങ്ങൾ എല്ലാം നിഷേധിച്ച നേതൃത്വം, രാത്രിയോടെ ലാലിയെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ കിട്ടിയ ശേഷം ഇന്ന് ലാലി ജെയിംസ് പറയുന്നത്, മേയര്‍ പദവിക്ക് പണം കൊടുത്തതായി തനിക്കുള്ളത് കേട്ടറിവ് മാത്രമാണ് എന്നാണ്. പണപ്പെട്ടി താൻ കണ്ടിട്ടില്ലെന്നും ലാലി പറയുന്നു.കോണ്‍ഗ്രസിലേക്ക് മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നും മരണം വരെ കോണ്‍ഗ്രസുകാരിയായി തുടരുമെന്നും ലാലി കൂട്ടിച്ചേർത്തു.












