നാണക്കേടിന്റെ തലസ്ഥാനം, വൃത്തിയുടെ കാര്യത്തില് തിരുവനന്തപുരം നഗരസഭയ്ക്ക് പൂജ്യം മാര്ക്ക്
പൊതുടോയ്ലെറ്റുകളുടെ പരിപാലനമില്ലായ്മമൂലം കേന്ദ്രസര്ക്കാരിന്റെ സ്വച്ഛ സര്വേക്ഷൻ സര്വേയില് തലസ്ഥാന നഗരത്തിന് വട്ടപൂജ്യം.കേന്ദ്ര ഹൗസിംഗ് ആൻഡ് അര്ബണ് അഫയേഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള സ്വച്ഛ് ഭാരത് പദ്ധതിക്കു കീഴില് നടത്തുന്നതാണ് സ്വച്ഛ സര്വേക്ഷൻ സര്വേ. നഗരത്തിലുള്ള പൊതുടോയ്ലെറ്റുകള് വൃത്തിഹീനമാണെന്ന് സര്വേയില് കണ്ടെത്തി. നഗരത്തില് ആവശ്യത്തിന് പൊതുടോയ്ലെറ്റുകളില്ലെന്നും കണ്ടെത്തി. കഴിഞ്ഞ സര്വേയില് 305 ഉണ്ടായിരുന്ന റാങ്കിംഗ് ഇത്തവണ 321ലേക്ക് കൂപ്പുകുത്തി. നഗരം സുന്ദരമാണെന്ന് മേയര് ഉള്പ്പെടെ പറയുമ്ബോഴും വൃത്തിയില്ലായ്മയ്ക്ക് പൂജ്യം ലഭിച്ചത് അപമാനകരമെന്നാണ് വിമര്ശനമുയരുന്നത്.
നഗരത്തിന്റെ മാലിന്യസംസ്കരണ സംവിധാനവും പിന്നിലാണെന്നാണ് സര്വേ റിപ്പോര്ട്ട്.നഗരത്തില് വാതില്പ്പടി മാലിന്യശേഖരണം ഏഴ് ശതമാനം മാത്രമാണുള്ളത്. മാലിന്യസംസ്കരണത്തില് വൻ പാളിച്ചയെന്ന് തെളിയിക്കുന്നതാണ് റിപ്പോര്ട്ട്. മാലിന്യം കൃത്യമായി സംസ്കരിക്കാൻ കഴിയാത്തതാണ് പ്രശ്നത്തിന് കാരണം.നഗരത്തിലെവിടെയും മാലിന്യം കുന്നുകൂടുകയാണ്.
ഉറവിട മാലിന്യസംസ്കരണ രംഗത്തും നഗരസഭ ഏറ്റവും പിന്നിലാണെന്നാണ് റിപ്പോട്ട്.വെറും ആറ് ശതമാനം മാത്രമാണ് സംസ്കരണം നടക്കുന്നത്.ഉറവിട മാലിന്യസംസ്കരണത്തിനായി നഗരസഭ ഏര്പ്പെടുത്തിയ കിച്ചണ്ബിൻ പദ്ധതി നിലച്ചതും പൊതുനിരത്തില് മാലിന്യം കുന്നുകൂടുന്നതിന് കാരണമായി.